പാലക്കാട്: കൊക്കകോള കമ്പനിക്കെതിരെ നടക്കുന്ന സമരത്തിന്റെ വാർഷിക ‘സമരസംഗമം’ പ്ലാച്ചിമട സമരപ്പന്തലിൽ നടന്നു. രാവിലെ 11ന് ആരംഭിച്ച പരിപാടിയിൽ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ഈസാബിൻ അബ്ദുൽ കരീം ആമുഖപ്രഭാഷണം നടത്തി. കൊക്കകോള വിരുദ്ധ സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമടയിൽ സമരം ചെയ്യുന്ന ആദിവാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട സമരസമിതിയുടെ ചോദ്യങ്ങൾക്ക് സുപ്രീംകോടതിയിൽ കേസ് നടക്കുകയാണെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാദം അസത്യമാണെന്ന് സമരസമിതി ആരോപിച്ചു.
ഇരകൾക്ക് ലഭ്യമാകേണ്ട നഷ്ടപരിഹാരത്തുക 216.26 കോടി രൂപ ഉടൻ നൽകാൻ പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ നിയമസഭ വീണ്ടും പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് സമരസമിതി അറിയിച്ചു.
കമ്പനിസ്വത്തുക്കൾ സർക്കാറിന് കൈമാറി അവിടെ കാർഷികപദ്ധതികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനിയെ രക്ഷിക്കാനുള്ള സർക്കാറിന്റെ അടവുനയമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനും യോഗം തീരുമാനിച്ചു.
കൊക്കകോള ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ള സംസ്ഥാനതല ജനകീയ കാമ്പയിൻ ഉടൻ ആരംഭിക്കും. പ്ലാച്ചിമട സത്യഗ്രഹം മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു. ശരത് ചേലൂർ, എം. സുലൈമാൻ, എസ്. രമണൻ, കെ. മായാണ്ടി, കെ.സി. അശോക്, വി.പി. നിജാമുദ്ദീൻ, കെ. ശക്തിവേൽ, ഗുരുസ്വാമി, സി. ശാന്തി, സജീവൻ കള്ളിചിത്ര, സെറീന തുടങ്ങി വിവിധ ജില്ലകളിൽനിന്നായി 32 പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.