അഴക് നിറച്ച് സ്വർണവർണങ്ങളുമായി പ്ലാസ്റ്റിക് പൂക്കൾ

ഒറ്റപ്പാലം: വേനൽമഴയിൽ കൊന്നപ്പൂക്കൾക്ക് നേരിട്ട നാശം പ്ലാസ്റ്റിക് കൊന്നപ്പൂ വിപണികൾക്ക് അനുഗ്രഹമായി. ഓണത്തിന് തൃക്കാക്കരയപ്പന് പ്ലാസ്റ്റിക് പൂക്കൾ അണിയിക്കുന്ന അവസ്ഥയുണ്ടായപ്പോഴും വിഷുവിന് കണിയൊരുക്കാൻ ഒരു കുടന്ന സാക്ഷാൽ കൊന്നപ്പൂക്കൾ തന്നെ വേണമെന്ന ശാഠ്യമാണ് വേനൽമഴയിൽ കുതിർന്നില്ലാതാവുന്നത്. സ്വർണവർണങ്ങളുമായി പറമ്പുകളിലും നാട്ടിടവഴികളിലും പൂത്തുലയുന്ന കർണികാരം വിഷുക്കാലത്തിന്‍റെ മാത്രം പ്രത്യേകതയാണ്. കണിവട്ടങ്ങളിൽ മുൻപന്തിയിലാണ് കൊന്നപ്പൂക്കൾക്ക് സ്ഥാനം.

ഫെബ്രുവരി ആദ്യത്തോടെ പൂത്തുതുടങ്ങിയതിനാൽ പലയിടത്തും പൂക്കൾ കൊഴിഞ്ഞ നിലയിലാണ്.

വൈകി പൂത്ത കൊന്നകളിലെ സമൃദ്ധമായ പൂക്കുലകളാണ് രണ്ട് നാളായി തുടരുന്ന വേനൽ മഴയിൽ നിലം പൊത്തിയത്.

കോവിഡിനിടയിലും കൊന്നപ്പൂക്കൾ വിപണികളിൽ വിൽപനക്കെത്തുമെന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ വർഷം കാത്തിരുന്ന പലർക്കും ഒടുവിൽ നെട്ടോട്ടമോടേണ്ട അവസ്ഥ നേരിട്ടു. ഇതൊക്കെയാണ് പ്ലാസ്റ്റിക് പൂക്കളോട് ആഭിമുഖ്യം കൂട്ടുന്നത്.

ഇലകളും വിരിഞ്ഞതും വിരിയാത്തതുമായ പൂക്കളുമായി കുലകുലകളായി വിപണികൾ പ്രദർശിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കൊന്നപ്പൂക്കൾക്ക് വേറിട്ടൊരു അഴകാണ്. ഒരു പൂക്കുലക്ക് 60 രൂപ മുതൽ വിലയുണ്ട്.

ഇവ വാടുകയോ കൊഴിയുകയോ ചെയ്യുമെന്ന ഭീതി വേണ്ട.

കണിയൊരുക്കലിന് ശേഷം വീട്ടിൽ അലങ്കാരമായി പ്രദർശിപ്പിക്കാനുമാകുമെന്ന പ്രത്യേകതയും ആവശ്യക്കാരുടെ വർധനക്ക് ഇടയാക്കുന്നു. എന്നാൽ, പരമ്പരാഗത രീതിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂക്കൾ കൊണ്ടുള്ള കണിയൊരുക്കലിനെ കലികാലം എന്നാണ് പഴമക്കാരുടെ വിലയിരുത്തൽ.

ഇതൊക്കെ ജീവിതത്തിൽ ആദ്യം കാണുകയാണെന്ന് ഇക്കൂട്ടർ പറയുന്നു. 

ജൈവ പച്ചക്കറിയുമായി കുടുംബശ്രീ വിഷുച്ചന്തകൾ

പാലക്കാട്: കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ ജില്ലയിൽ 65 ഇടങ്ങളിൽ വിഷുച്ചന്തകള്‍ ആരംഭിച്ചു. സാധാരണക്കാര്‍ക്ക് മിതമായ വിലയില്‍ ഗുണമേന്മയുള്ള വിഷവിമുക്ത പച്ചക്കറികള്‍ ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ്കാല മാന്ദ്യത്തില്‍നിന്ന് കുടുംബശ്രീ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന വിപണനത്തിനും വരുമാന വർധനക്കുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ കീഴിലെ വനിത കാര്‍ഷിക സംഘങ്ങള്‍ ജൈവകൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്‍പന്നങ്ങളുമാണ് ചന്തകളിലൂടെ വിൽക്കുന്നത്. കണിയൊരുക്കാനുള്ള വെള്ളരി മുതല്‍ പാവക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയര്‍, കാന്താരി, മുരിങ്ങക്കായ് തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാര്‍ന്ന ഉപ്പേരികള്‍. ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍ എന്നിവയും ലഭിക്കും. ഇതോടൊപ്പം അതത് പ്രദേശത്ത് കുടുംബശ്രീ സൂക്ഷ്മസംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വാങ്ങാനാകും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ചന്തകളുടെ സംഘാടനം. വിഷുവിന്‌ മനോഹരമായ കണിയൊരുക്കാൻ കുടുംബശ്രീയുടെ കണിക്കിറ്റും വിപണിയിൽ ലഭിക്കും. പഞ്ചായത്തുകളിലും നഗരസഭയിലുമായി 51 കേന്ദ്രങ്ങളിൽനിന്ന്‌ കിറ്റ്‌ ലഭിക്കും. കണിക്കൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ, പച്ചക്കറി, ധാന്യങ്ങൾ തുടങ്ങി ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ച്‌ ചെറുതും വലുതുമായ കിറ്റുകൾ വ്യാഴാഴ്ച വരെ ലഭിക്കും. ജില്ലയിലെ പത്തിൽ താഴെ വിഷുച്ചന്തകൾ, ഈസ്റ്റർ-റമദാൻ വിപണിയായി 19 വരെ പ്രവർത്തിക്കും. 

കൃത്രിമ വിലക്കയറ്റം: സ്ക്വാഡുകൾ പരിശോധന തുടങ്ങി

പാലക്കാട്: ഉത്സവസീസണിലെ കൃത്രിമ വിലക്കയറ്റം തടയാൻ വിവിധ വകുപ്പുകൾ കർശന പരിശോധന തുടങ്ങി. പൊതുവിതരണ ഉപഭോക്തൃ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ജാഗ്രത ഡ്രൈവ് എന്ന പേരിലുള്ള പരിശോധനക്ക് പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ എന്നിവിടങ്ങളിലായി ആറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ഹോട്ടൽ ഭക്ഷണങ്ങളുടെ ഗുണനിലവാരം, വില എന്നിവ പരിശോധിക്കുകയാണ് ലക്ഷ്യം. വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്ത കടകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ലീഗൽ മെട്രോളജി വിഭാഗം അറിയിച്ചു.

Tags:    
News Summary - Plastic flowers with beautiful gold accents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.