പാലക്കാട്: 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടും 8000 കുട്ടികൾക്ക് ജില്ലയിൽ പ്ലസ്വൺ പഠനം അപ്രാപ്യമാവും. ബുധനാഴ്ച അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ പ്ലസ്വണിന് അപേക്ഷിച്ചത് 42,911 കുട്ടികൾ. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ ആകെ 28,267 പ്ലസ്വൺ സീറ്റുകളാണുള്ളത്. 20 ശതമാനം ആനുപാതിക വർധനയിലൂടെ 4830 സീറ്റുകളാണ് സർക്കാർ കൂട്ടിയത്. ഇതുപ്രകാരം ഇപ്പോൾ 33,097 സീറ്റുകളുണ്ട്.
ഏകജാലകം വഴി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളിൽ 40,237 പേർ സംസ്ഥാന സിലബസിൽ പരീക്ഷ എഴുതിയവരാണ്. 1562 പേർ സി.ബി.എസ്.ഇ വിജയിച്ചവരും 113 പേർ െഎ.സി.എസ്.ഇ സിലബസുകാരും 999 പേർ മറ്റു സംസ്ഥാന സിലബസുകാരുമാണ്. ജില്ലയിൽ 25 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 69 ബാച്ചുകളിലായി 2070 സീറ്റുണ്ട്. അത് ഒഴിച്ചുനിർത്തിയാലും എട്ടായിരത്തോളം കുട്ടികൾ ക്ലാസ്മുറിക്ക് പുറത്തിരിക്കേണ്ടിവരും. പുതിയ ബാച്ചുകൾ നൽകിയാൽ മാത്രമേ ജില്ലയിലെ സീറ്റുക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിയൂ.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.35 ശതമാനം കുട്ടികളാണ് ജില്ലയിൽ വിജയിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്്. എന്നാൽ, ഇത്രയും കുട്ടികൾക്ക് ഉപരിപഠനത്തിന് ആവശ്യമായ സീറ്റുകൾ ഹയർ സെക്കൻഡറി മേഖലയിലില്ല. ഇത്തവണ 9083 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ഇവർക്ക്പോലും തുടർപഠനത്തിന് വീടിന് സമീപത്തുള്ള സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിന് പ്രവേശനം ലഭിക്കാനുള്ള സാധ്യതയില്ല.
നാലായിരത്തിലേറെ സീറ്റുകൾ അൺ എയ്ഡഡിൽ, ഉയർന്ന ഫീസ് നൽകണം
പാലക്കാട്: ജില്ലയിൽ 133 സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലായി 483 ബാച്ചുകളിലായി ആകെയുള്ളത് 24,150 പ്ലസ്വൺ സീറ്റുകൾ. 24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്. ആനുപാതിക സീറ്റ് വർധന ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. 50 കുട്ടികൾ പഠിക്കേണ്ട ക്ലാസിൽ ഇതോടെ 60 പേരാണ് ഇരുന്നു പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.