കൊല്ലങ്കോട്: കൊട്ടകുറുശ്ശി പ്രദേശത്ത് വേറെയും രണ്ട് പുലികൾ കണ്ടതായി നാട്ടുകാർ. ചെറിയ പുലിയും രണ്ടു വലിയ പുലിയും അടങ്ങുന്ന സംഘത്തെയാണ് കഴിഞ്ഞ ആഴ്ച പ്രദേശത്തുള്ളവർ കണ്ടത്. ചായക്കടയിലേക്ക് വരുന്നവരും നെൽപ്പാടങ്ങളിലേക്ക് പോയ ട്രാക്ടർ ഡ്രൈവർമാരുമാണ് പുലിയുടെ കൂട്ടത്തെ കണ്ടത്. ഈ സംഘത്തിലെ ഒരുപുലിയാണ് കെണിയിൽ കുടുങ്ങിയത് എന്നാണ് നാട്ടുകാർ പറയുന്നത്. ശേഷിക്കുന്ന രണ്ട് പുലികൾ പ്രദേശത്തുതന്നെ ഉള്ളതായും നാട്ടുകാർ പറയുന്നു.
ഇതുമൂലം പ്രദേശത്ത് വസിക്കുന്നവർക്ക് ഭീതി വർധിച്ചിരിക്കുകയാണ്. പറത്തോട്, തോട്ടം, പുത്തൻപാടം, കൊട്ടകുറുശ്ശി തുടങ്ങിയ ജനവാസമേഖലയിലുള്ള പ്രദേശങ്ങളിൽ പുലിക്കൂട്ടത്തെ കണ്ടത് നാട്ടുകാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. രാത്രി സമയങ്ങളിൽ പുറത്തിറങ്ങാതെ വീടുകളിൽതന്നെ കഴിയേണ്ട അവസ്ഥയാണുള്ളതെന്ന് കൊട്ടകുറുശ്ശി നിവാസികൾ പറയുന്നു.
കൃഷിസ്ഥലങ്ങളിൽ തൊഴിലെടുക്കുവാൻ തൊഴിലാളികൾ തയാറാകാത്തതും പുലർച്ചെ കവലകളിലേക്ക് ജനങ്ങൾ വരാത്തതും തുടരുകയാണ്. വനംവകുപ്പ് കാര്യക്ഷമമായി സ്ഥലത്ത് പരിശോധന നടത്തി പുലികളെ കൂടു സ്ഥാപിച്ച് പിടികൂടി പറമ്പിക്കുളത്തെ കൊണ്ടെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ വന അതിർത്തിയിലും ജനവാസമേഖലയിലും കാമറകൾ സ്ഥാപിച്ച് പുലിയുടെ സഞ്ചാര മേഖല നിരീക്ഷക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.