അകത്തേത്തറ: പി.ടി ഏഴ് കാട്ടുകൊമ്പൻ രാവും പകലും വിലസുന്നത് ധോണി ജനവാസമേഖലയിൽ. കാട്ടാന ഭീതി കാരണം ഉറക്കമൊഴിച്ച് കാവലിരിക്കുന്ന നാട്ടുകാരും റോന്ത് ചുറ്റുന്ന ദ്രുതപ്രതികരണ സേനയും വെട്ടിലായി. പത്ത് ദിവസമായി വിശ്രമമില്ലാതെ പി.ടി ഏഴിനെ നിരീക്ഷിക്കുന്ന ദൗത്യസംഘത്തിന്റെ പ്രതിരോധ വലയം ഭേദിച്ചാണ് കാട്ടാന നാട്ടിലിറങ്ങുന്നത്. ആർ.ആർ.ടി സാന്നിധ്യമുള്ള വഴി മറികടന്നാണ് നാട്ടിലിറങ്ങുന്നത്.
കഴിഞ്ഞ ദിവസം രാത്രി ധോണി മൂലപ്പാടം ഭാഗത്ത് പാടശേഖരത്തിന് സമീപം പി.ടി ഏഴാമനെ തനിച്ചാണ് നാട്ടുകാർ കണ്ടത്. ധോണി ചേറ്റിൽവെടി ഭഗവതി ക്ഷേത്രത്തിനടുത്ത വയലുകളിൽ കറങ്ങി ഷംസുദ്ദീന്റെ വീടിനടുത്ത് എത്തി നിലയുറപ്പിച്ചു.
ആർ.ആർ.ടിയും നാട്ടുകാരും തുരത്തിയ കാട്ടുകൊമ്പൻ തോട് കടന്ന് നീങ്ങി തൊട്ടടുത്ത പ്രദേശത്തെ ശാന്തയുടെ വീടിന് മുന്നിലൂടെ ഓടിയത് അകലെയൊന്നുമല്ലാത്ത വനത്തിലേക്കാണ്. ഈ കാട്ടിൽ തങ്ങിയ കൊമ്പൻ ജനവാസമേഖലയിലിറങ്ങാതിരിക്കാൻ ദ്രുതപ്രതികരണ സേന നിരീക്ഷണവുമായി രംഗത്തുണ്ടെന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വനാതിർത്തി കടന്ന് സ്വകാര്യ ഭൂമിയിലോ നാട്ടിലോ ഇറങ്ങാതിരിക്കാനാണ് ദ്രുതപ്രതികരണ സേന ശ്രദ്ധ ചെലുത്തുന്നത്. ഒരാഴ്ചക്കകം നാല് തവണ പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകളിൽ രാവിലെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനയെ കണ്ടവരുണ്ട്.
അതേസമയം, ചീഫ് വെറ്ററിനറി ഡോ. അരുൺ സക്കറിയ നേതൃത്വം നൽകുന്ന 20 അംഗ എലഫന്റ് സ്ക്വാഡ് വയനാട് ദൗത്യം പൂർത്തിയാക്കി വിശ്രമാനന്തരം ധോണിയിലെത്തിയാൽ പി.ടി ഏഴാമനെ പിടികൂടുന്ന ദൗത്യം ആരംഭിക്കുമെന്ന് അസി. വനം കൺസർവേറ്റർ ബി. രഞ്ജിത്ത് പറഞ്ഞു. ദൗത്യത്തിന് കഴിഞ്ഞ ദിവസം കൂട് സജ്ജമായി. വനപാലകർ, ആർ.ആർ.ടി ടീം എന്നിവരും ദൗത്യത്തിനുള്ള തയാറെടുപ്പിലാണ്.
ഞെട്ടൽ മാറാതെ ഷംസുദ്ദീനും കുടുംബവും
അകത്തേത്തറ: വീടിന് മുന്നിൽ പി.ടി ഏഴാമനെന്ന കാട്ടുകൊമ്പൻ നിലയുറപ്പിച്ചത് കണ്ട ഞെട്ടലിൽനിന്ന് മുക്തമാകാതെ ധോണി കാട്ടിൽപീടിക ഷംസുദ്ദീനും കുടുംബവും. വെള്ളിയാഴ്ച രാത്രിയിലാണ് ധോണി ചേറ്റിൽവെടി ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇദ്ദേഹത്തിന്റെ വീട്ടുപടിക്കൽ എത്തിയത്. സംഭവസമയം ഷംസുദ്ദീനും ഭാര്യ ഷംനയും മക്കളായ സുബ്ഹാനും സെൽഷയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ടി.വി കണ്ട് കൊണ്ടിരിക്കെ ഉമ്മറത്ത് മാറി ഇരിക്കാൻ എഴുന്നേറ്റപ്പോഴാണ് പുറത്തുനിന്ന് ബഹളം കേട്ടത്. കതിരിട്ട നെൽപാടങ്ങൾക്ക് കാവലിരിക്കുന്നവരുടെ നിലവിളിയാണ് കേട്ടത്. വാതിൽ തുറന്ന് നോക്കിയപ്പോഴാണ് നാരങ്ങ മരത്തിന്റെ മറവിൽ കാട്ടാന നിൽക്കുന്നത് കണ്ടത്. ഉടനെ വനം വകുപ്പിനെ വിവരമറിയിച്ചു. നാട്ടുകാർ കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചുമാണ് ഒരു വിധത്തിൽ കാട്ടാനയെ ഓടിച്ചത്. ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി കാട്ടാനയെ അകറ്റാൻ സഹായിച്ചു.
ജോലി കഴിഞ്ഞ് എത്തിയാൽ വീടിന് പുറത്ത് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് എഫ്.സി.ഐ ലോറി ഡ്രൈവറായ ഇദ്ദേഹം പറഞ്ഞു. ഇത് ധോണിനിവാസികളുടെ മൊത്തം പ്രശ്നമാണ്. അവരുടെ ദിനചര്യയും ദൈനംദിന ചിട്ടകളും വരെ കാട്ടാന ഭീതിയിൽ മാറ്റി. അതിരാവിലെ വീട്ടിൽനിന്ന് ജോലിക്കോ മറ്റ് അത്യാവശ്യങ്ങൾക്കോ പോകാൻ പറ്റുന്നില്ല. സന്ധ്യ മയങ്ങിയാൽ ഉടൻ വീട്ടിലെത്തും. ഒരു മാസമായി തോട്ടങ്ങളിൽ കാര്യമായ പണിയൊന്നും നടക്കുന്നില്ല. തൊഴിലാളികളുടെയും കർഷകരുടെയും വരുമാനത്തിൽ പോലും ഇടിവ് സംഭവിച്ചു. വാടക വാഹനങ്ങൾ പലതും ഇത് വഴി വരാൻ മടിക്കുന്നു. മാസങ്ങൾക്ക് മുമ്പാണ് ധോണി സ്വദേശി ശിവരാമനെ കാട്ടാന ചവിട്ടി കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.