റേഷൻ വിതരണം: വിജിലൻസ് സമിതികൾ നിശ്ചലം

പാലക്കാട്: ജില്ലയിലെ വിവിധ വിജിലൻസ് സമിതികളുടെ പ്രവർത്തനം നിശ്ചലം. റേഷൻ വിതരണം സുതാര്യമാക്കുന്നതിന് പൊതുവിതരണ വകുപ്പ് രൂപവത്കരിച്ച സമിതികളാണ് നിശ്ചലമായത്. റേഷൻകട തലത്തിലും ജില്ല-താലൂക്ക് തലത്തിലും സമിതികൾ രൂപവത്കരിച്ച് പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവാണ് ഒരു വിഭാഗം ജീവനക്കാർ ബോധപൂർവം അവഗണിച്ചതിനെ തുടർന്ന് നിർജീവമായത്.

ഭക്ഷ്യഭദ്രത നിയമത്തിന്‍റെ ഭാഗമായി 2018ലാണ് റേഷൻകട തലത്തിൽ വിജിലൻസ് സമിതികൾ രൂപവത്കരിച്ചത്. എന്നാൽ, സമിതിയുടെ ഘടനയിൽ ചില പോരായ്മകൾ കണ്ടെത്തിയതിനാൽ ആഗസ്റ്റിൽ ചട്ടം ഭേദഗതി ചെയ്തു. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷനിലെ അധ്യക്ഷൻ/ ഉപാധ്യക്ഷൻ സമിതിയുടെ ചെയർമാനും റേഷനിങ് ഇൻസ്പെക്ടർ കൺവീനറുമാണ്.

മൂന്നു മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് സ്റ്റോക്കും അനുബന്ധ രേഖകളും സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ച് കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തുകയും സർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണോ പ്രവർത്തന പുരോഗതിയെന്ന് വിലയിരുത്തി ഗ്രാമസഭക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം.

പുനഃസംഘടിപ്പിച്ച സമിതിയുടെ ആദ്യ യോഗം നവംബർ ഒന്നിന് ചേരാൻ സർക്കാർ നിർദേശിച്ചെങ്കിലും പലയിടത്തും നടന്നിട്ടില്ല. തിരഞ്ഞെടുത്ത റേഷൻകടകളിലെ യോഗത്തിന് ജില്ല-താലൂക്ക് സപ്ലൈ ഓഫിസർമാർ പങ്കെടുക്കണമെന്ന നിർദേശവും അവഗണിച്ചു. പല തദ്ദേശ സ്ഥാപന അധ്യക്ഷരും ഇതിന് വേണ്ടത്ര പരിഗണന നൽകാത്തതും സമിതി നിർജീവമാകാൻ കാരണമായി.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഭക്ഷണപദാർഥങ്ങളും മത്സ്യ-മാംസവും വിതരണം ഉറപ്പുവരുത്തേണ്ടത് സർക്കാറിന്‍റെ ചുമതലയാണ്. ഇതിന് സഹായകരമായി പ്രവർത്തിക്കുന്നത് ജില്ലതല ഭക്ഷ്യോപദേശക വിജിലൻസ് കമ്മിറ്റിയാണ്. എന്നാൽ, ഈ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ട് വർഷങ്ങളായി. കലക്ടർ ചെയർമാനും ജില്ല സപ്ലൈ ഓഫിസർ, ടി.എസ്.ഒമാർ, ഫുഡ്, ഹെൽത്ത്, പൊലീസ്, മുനിസിപ്പാലിറ്റി തുടങ്ങിയ ഉദ്യോഗസ്ഥ പ്രതിനിധികൾ, കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെട്ടതാണ് കമ്മിറ്റി.

കലക്ടർ ചെയർമാനായ ജില്ലതല പെട്രോ പ്രോഡക്റ്റസ് ഗ്രീവൻസ് റിഡ്രസൽ ഫോറം, ജില്ല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ, ജില്ലതല എൽ.പി.ജി ഓപൺ ഫോറം, ജില്ല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ കമ്മിറ്റി തുടങ്ങിയവയുടെ പ്രവർത്തനവും നിശ്ചലമാണെന്ന് ആക്ഷേപമുണ്ട്. 

Tags:    
News Summary - Ration distribution: Vigilance committees are ineffective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.