പാലക്കാട്: കൗമാര കലകളുടെ ആഘോഷമായി ജില്ല സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച അരങ്ങുണരും. 12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തോളം കലാപ്രതിഭകൾ 309 ഇനങ്ങളിൽ മത്സരിക്കും. 15 വേദികളിലാണ് സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങൾ. ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ 27 ഇടങ്ങളിലായി രാവിലെ ഒമ്പതരക്ക് രചന മത്സരങ്ങൾ ആരംഭിക്കും. 799 വിദ്യാർഥികളാണ് രചന മത്സരങ്ങളിൽ മാറ്റുരക്കാനെത്തുന്നത്. പങ്കെടുക്കുന്നവർ ഒമ്പതിന് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കലോത്സവവേദികൾ ബുധനാഴ്ച ചിലങ്കയണിയും. ശനിയാഴ്ചയാണ് കലോത്സവം സമാപിക്കുക.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്ത് ബി.ഇ.എം.എച്ച്.എസ്.എസ്, റോബിൻസൺ റോഡിലെ സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബി.ഇ.എം.ജെ.ബി.എസ്, സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ്, സെന്റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, യു.പി.എസ്. സുൽത്താൻപേട്ട് ജി.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ. രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ്കുമാർ പതാക ഉയർത്തും. ആറിന് വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ 62 കലാധ്യാപകർ സ്വാഗതഗാനം ആലപിക്കും.
സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ അരങ്ങുണർത്തും. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എ. പ്രഭാകരൻ, എൻ. ഷംസുദ്ദീൻ, കെ. മുഹമ്മദ് മുഹ്സിൻ, കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, നഗരസഭാധ്യക്ഷ പ്രിയ അജയൻ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ല കലക്ടർ ഡോ. എസ്. ചിത്ര മുഖ്യപ്രഭാഷണം നടത്തും. സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി ലോഗോ രൂപകൽപന ചെയ്ത സാദത്ത് സമീലിന് ഉപഹാരം സമർപ്പിക്കും.
സമാപന സമ്മേളനവും സമ്മാനദാനവും ഒമ്പതിന് വൈകീട്ട് അഞ്ചിന് വി.കെ. ശ്രീകണ്ഠഠൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയാകും. കഴിഞ്ഞ വർഷം കൈവിട്ടുപോയ സ്വർണക്കപ്പ് ജനുവരി ആദ്യവാരം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ ഷാഫി പറമ്പി എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജില്ല പഞ്ചായത്തംഗം പി.എം. അലി, കൺവീനർ ലിറ്റ വേങ്ങശ്ശേരി, ക്യു.ഐ.പി അധ്യാപക സംഘടന പ്രതിനിധികളായ എം.ആർ. മഹേഷ് കുമാർ എം.എൻ. വിനോദ് ഹമീദ് കൊമ്പത്ത്, പ്രോഗ്രാം കൺവീനർ ഷാജി എസ്. തെക്കേത്, സ്വീകരണ കമ്മിറ്റി കൺവീനർ എ.ജെ. ശ്രീനി, ഭക്ഷണ കമ്മിറ്റി കൺവീനർ ടി. ജയപ്രകാശ്, മേളകളുടെ നോഡൽ ഓഫിസർ പി. തങ്കപ്പൻ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പാലക്കാട്: വിദ്യാർഥികളുമായി എത്തുന്ന സ്കൂൾ ബസ്സുകളും വലിയ വാഹനങ്ങളും സ്റ്റേഡിയത്തിന് സമീപമുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സ്റ്റേഡിയത്തിന് സമീപമുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ വിദ്യാർഥികളെ ഇറക്കി അവിടെത്തന്നെ പാർക്ക് ചെയ്യണം.മിഷൻ സ്കൂളിലേക്കും സമീപ സ്കൂളുകളിലേക്കും വരുന്ന ചെറു വാഹനങ്ങൾ മിഷൻ സ്കൂളിന് മുൻവശം വിദ്യാർഥികളെ ഇറക്കിയശേഷം മഞ്ഞക്കുളം ലോറി സ്റ്റാൻഡ്, വാടിക പാർക്കിങ് ഏരിയ, രാപ്പാടി ഓഡിറ്റോറിയത്തിന് മുൻവശം, സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഒന്നിൽ പാർക്ക് ചെയ്യണം. കലോത്സവത്തോടനുബന്ധിച്ച് ടൗണിൽ ഗതാഗത തിരക്ക് കൂടും എന്നതിനാൽ പൊതുവഴികളിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അനധികൃത പാർക്കിങ് കണ്ടാൽ നിയമ നടപടി സ്വീകരിക്കും.
മുനിസിപ്പൽ സ്റ്റേഡിയത്തിന് തെക്ക് വശത്തുള്ള ഗ്രൗണ്ട്
കോട്ടയുടെ സമീപം വാടിക പാർക്കിങ് ഏരിയ
മഞ്ഞക്കുളം ലോറി സ്റ്റാൻഡ്
രാപ്പാടി ഓഡിറ്റോറിയത്തിന് മുൻവശം റോഡിന്റെ കിഴക്ക് വശത്ത് മാത്രം
ടൗൺ ബസ് സ്റ്റാൻഡിന് സമീപം മംഗളം ടവറിന് പിൻവശത്തുള്ള ബസ് പാർക്കിങ് ഏരിയ (പകൽ മാത്രം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.