പാലക്കാട്: ജില്ലയിൽ സെവൻസ് ഫുട്ബാൾ സീസണിന് നവംബറിൽ തുടക്കമാവും. സെവൻസ് ഫുട്ബാൾ അസോസിയേഷന്റെ മേൽനോട്ടത്തിൽ ജില്ലയിൽ ഈ സീസണിൽ പത്ത് ടൂർണമെന്റുകളാണ് അരങ്ങേറുക. ടൂർണമെന്റുകളുടെ സംഘാടനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഞായറാഴ്ച ചെർപ്പുളശ്ശേരിയിൽ ചേരുന്ന അസോസിയേഷൻ ജില്ല സമ്മേളനം അന്തിമ രൂപം നൽകും. ജില്ലയിലെ ആദ്യ ടൂർണമെന്റ് ചെർപ്പുളശേരിയിലാണ്. ചെർപ്പുളശ്ശേരി ഫുട്ബാൾ അസോസിയേഷന്റെ (സി.എഫ്.എ) നേതൃത്വത്തിൽ ഹൈസ്കൂൾ മൈതാനത്ത് നടക്കുന്ന ടൂർണമെന്റ് നവംബർ പത്തിന് തുടങ്ങും.
എം.എഫ്.എ മണ്ണാർക്കാട്, ചലഞ്ചേഴ്സ് എടത്തനാട്ടുകര, അഭിലാഷ് എഫ്.സി കുപ്പൂത്ത്, ടൗൺ ബോയ്സ് കൊപ്പം, പാസ്ക് പട്ടാമ്പി, ജ്വാല ഷൊർണൂർ, ടൗൺ സ്പോർട്സ് ഒറ്റപ്പാലം, ജനശക്തി പരുതൂർ, സി.എഫ്.എ ചാലിശ്ശേരി എന്നിവയാണ് ജില്ലയിൽ നടക്കുന്ന മറ്റു ടൂർണമെന്റുകൾ. ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കുന്ന ചാലിശ്ശേരി ടൂർണമെന്റോടെ ജില്ലയിലെ സെവൻസ് സീസണിന് തിരശ്ശീല വീഴും. സംസ്ഥാനതലത്തിൽ ഇത്തവണ മാറ്റുരക്കുന്ന 31 ടീമുകളിൽ നാലെണ്ണം ജില്ലയിൽനിന്നാണ്. ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, അൽമദീന ചെർപ്പുളശ്ശേരി, സോക്കർ ഷൊർണൂർ, അഭിലാഷ് എഫ്.സി കുപ്പൂത്ത് എന്നിവയാണിവ.
കഴിഞ്ഞ വർഷം ജില്ലയിൽ ആറ് ടൂർണമെന്റുകളാണ് നടന്നത്. ലോകകപ്പും റമദാൻ വ്രതവും വന്നതാണ് എണ്ണം കുറയാൻ കാരണം. പട്ടാമ്പിയിലേത് ഒഴികെ ലാഭത്തിലായിരുന്നു. ഈ വർഷവും വിദേശ താരങ്ങളെ കളിക്കാൻ അനുവദിക്കും. ടീമിൽ പരമാവധി മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കാം. നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരം.
ഓരോ ടൂർണമെന്റിലും രജിസ്റ്റർ ചെയ്ത 24 ടീമുകൾ മാറ്റുരക്കും. മൊത്തം 23 മത്സരം ഉണ്ടാകും. സെമി രണ്ടു പാദമായി നടത്തുന്നതിന് വിലക്കില്ല. അസോസിയേഷൻ നിയോഗിക്കുന്ന റഫറിമാരാണ് കളി നിയന്ത്രിക്കുക. ഇതിനായി 75 റഫറിമാരുടെ പാനൽ തയാറായിട്ടുണ്ട്. ഓരോ ടൂർണമെന്റും ഒരു കോടി രൂപക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്. കളിക്കാർ, കാണികൾ, ഒഫീഷ്യൽസ് ഉൾപ്പെടെ എല്ലാവർക്കും ഇൻഷൂറൻസ് കവറേജ് ലഭിക്കും. ടൂർണമെന്റിൽനിന്ന് കിട്ടുന്ന വരുമാനം പ്രധാനമായും കുട്ടികൾക്ക് പരിശീലനം നൽകാനും ജീവകാരുണ്യ പ്രവർത്തനത്തിനുമാണ് വിനിയോഗിക്കുകയെന്ന് ജില്ല സെക്രട്ടറി വാഹിദ് കുപ്പൂത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.