പാലക്കാട്: ജില്ലയിൽ നിരത്തുകളിൽ അപകടം പെരുകുന്നു. വ്യാഴാഴ്ച പനയമ്പാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥികൾ മരിച്ചതിന് പിറകെ ശനിയാഴ്ച രണ്ട് പ്രധാന അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. വാളയാർ-മണ്ണുത്തി ദേശീയപാത മണലൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രകാർക്ക് പരിക്കേറ്റു. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പത മനിശ്ശേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതിൽ ആറോളം വാഹനങ്ങൾ കേടുപാടു പറ്റി.
കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുപ്രകാരം ജില്ലയിൽ ജൂലൈ വരെ മാത്രം 181 ജീവനുകളാണ് ജില്ലയിലെ വ്യത്യസ്ത വാഹനാപകടങ്ങളിൽ പൊലിഞ്ഞത്. 1796 അപകടങ്ങളിൽ 1943 പേർക്ക് പരിക്കേറ്റു. അപകടത്തിന്റെ പ്രധാന കാരണം റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കാത്തതാണെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ചയിലെ രണ്ട് അപകടങ്ങളിലും അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.
ചാറ്റൽമഴ ഉണ്ടായ സമയത്താണ് ഈ രണ്ട് അപകടങ്ങളും നടന്നത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ജില്ലയിൽ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഉണ്ടായത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ മുതൽ ഒലവക്കോട് വരെയുള്ള ഭാഗങ്ങൾ, പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാത, പാലക്കാട്-പൊള്ളാച്ചി, ദേശീയപാത 544ൽ വാളയാർ മുതൽ മണ്ണുത്തി വരെയുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ അപകടങ്ങൾ പതിവാണ്.
വാളയാർ-മണ്ണൂത്തി ദേശീയപാതയിൽ പലയിടത്തും പാതയിലെ ഘർഷണം ഇല്ലാതായിട്ടുണ്ട്. അമിതഭാര വാഹനങ്ങൾ സഞ്ചരിച്ച് ചിലയിടത്ത് പാതയുടെ പ്രതലങ്ങളിൽ സമനിരപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. ദൂരെ നിന്ന് നോക്കിയാൽ ഇത് കാണാൻ കഴിയില്ല. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പാതയിലെ ഉയർച്ചതാഴ്ചയിൽ പെട്ട് നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടാവാറുണ്ട്. വാളയാർ-മണ്ണൂത്തി ദേശീയപാതയിൽ രണ്ടിടത്ത് ടോൾ നൽകിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. എന്നിട്ടും പാതകളുടെ പരിപാലിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നു.
മുണ്ടൂർ: ടൗണിൽ വാഹനാപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ മുണ്ടൂർ ജങ്ഷനിലെ റോഡ് മോട്ടോർ വെഹിക്കിൾ വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പൊലീസ് , ദേശീയപാത, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.
നിർമാണത്തിലെ അശാസ്ത്രീയത, അപകട സാധ്യത എന്നിവ കണ്ടെത്തി പോരായ്മകൾ പരിഹരിക്കാനാണ് പരിശോധന. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് നൽകിയ നിർദേശപ്രകാരമാണിത്. പാലക്കാട്-കോഴിക്കോട് ദേശീയപാത, മുണ്ടൂർ-തൂത പാത എന്നിവ സംഗമിക്കുന്ന പ്രധാന ജങ്ഷനാണിത്.
സംയുക്ത ഉദ്യോഗസ്ഥ സംഘം മുണ്ടൂരിൽ റോഡ് പരിശോധിക്കുന്നു
പാലക്കാട്, കോങ്ങാട്, മണ്ണാർക്കാട് റോഡുകൾ കൂടി ചേരുന്ന ഭാഗത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങൾ കൂടുതലാണ്. ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥ്, ആർ.ടി.ഒ. മുജീബ് റഹ്മാൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ അസീസ്, എം.വി.ഐ രാജൻ, എ.എം.വി.ഐ.മാരായ കെ. അശോക് കുമാർ, പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. പരിശോധന റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.