ഷൊർണൂർ: സംസ്ഥാന പാതക്കൊപ്പം പുതുക്കിപ്പണിയേണ്ട ട്രാഫിക് ഐലൻറ് അടക്കമുള്ള കവലകളുടെ നിർമാണം എങ്ങുമെത്തിയില്ല. നിർമാണം പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞ് വർഷം പിന്നിട്ടതിന് ശേഷമുള്ള സ്ഥിതിയാണിത്. കുളപ്പുള്ളി മുതൽ ഷൊർണൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ വഴി എസ്.എം.പി ജങ്ഷൻ വരെയും പൊതുവാൾ ജങ്ഷൻ മുതൽ ബൈപാസ് റോഡ് വഴി കൊച്ചിപ്പാലം വരെയുമുള്ള രണ്ട് പ്രവൃത്തികളാണ് കരാർ നൽകിയിട്ടുള്ളത്.
ഇതിലാണ് രണ്ട് ട്രാഫിക് ഐലന്റുകളും വരുന്നത്. പുനരുദ്ധരിക്കാനായി നിലവിലെ നിർമാണങ്ങൾ വർഷങ്ങൾക്ക് മുമ്പ് പൊളിച്ച് നീക്കിയിരുന്നു. ഇതോടെ ട്രാഫിക് തെറ്റിച്ച് വാഹനങ്ങൾ തോന്നിയപോലെ പോകാൻ തുടങ്ങി. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. ഇതോടൊപ്പം ദിശതെറ്റി ഓടാതിരിക്കാൻ ഡിവൈഡറുകളും സ്ഥാപിക്കേണ്ടതുണ്ട്. അതിന്റെ പണിയും തുടങ്ങിയിട്ടില്ല. മയിൽവാഹനം ഗ്രൂപ്പും റോട്ടറി ക്ലബും നല്ല രീതിയിൽ പണികഴിപ്പിച്ച ട്രാഫിക് ഐലന്റുകളാണ് നവീകരികണത്തിനായി അധികൃതർ പൊളിച്ചത്.
ഈ പ്രവൃത്തിയുടെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണവും പാതിവഴിയിലാണ്. സമരപരമ്പരകൾക്കൊടുവിൽ രണ്ടാഴ്ച മുമ്പ് ടാറിങ് ആരംഭിച്ചിരുന്നു. മഴ പെയ്യാൻ തുടങ്ങിയതോടെ അതും നിലച്ചു. നാല് തവണ നിർമാണ കാലാവധി നീട്ടി നൽകിയിട്ടും കോടികളുടെ പ്രവൃത്തി എന്ന് പൂർത്തീകരിക്കാനാകുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.