ഷൊർണൂർ: അറ്റുകുറ്റപ്പണികൾക്കായി ഷൊർണൂർ റെയിൽവേ ജങ്ഷനിലെ മേൽപാലം പൂട്ടിയിട്ട് മാസങ്ങളായി. ട്രെയിനിറങ്ങുന്നവർക്ക് സ്റ്റേഷന് പുറത്തേക്ക് വരാനും പുറത്തുനിന്നുള്ളവർക്ക് അകത്തേക്ക് പ്രവേശിക്കാനും വിവിധ പ്ലാറ്റ്ഫോമിലേക്ക് മാറിക്കയറാനും ഏറെ ചുറ്റിവളയേണ്ട ദുരവസ്ഥയാണ്. കുടുംബസമേതവും പ്രായമായവരും കുട്ടികളുമായി യാത്ര നടത്തേണ്ടവരും വട്ടം കറങ്ങുകയാണ്.
സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ മേൽപാലം തുറന്ന് വൈകാതെ ഏതാണ്ട് മധ്യഭാഗത്തുള്ള പഴയ മേൽപാലം അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിടുകയായിരുന്നു. അടിയന്തര പ്രാധാന്യത്തോടെ നടത്തേണ്ട ഈ പണി ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. കാര്യമായ പണിയൊന്നും നടക്കുന്നില്ല. കരാറുകാരന്റെ വീഴ്ചയും ഉദ്യോഗസ്ഥരുടെ അലംഭാവവും തുടരുകയാണ്. നിലവിൽ പുതിയ മേൽപാലമുണ്ടല്ലോയെന്നാണ് അധികൃതർ ചോദിക്കുന്നത്. എന്നാൽ, സ്റ്റേഷന്റെ കിഴക്കേ അറ്റത്ത് ട്രെയിനിറങ്ങുന്നവർക്ക് പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറെയറ്റം വരെ നടക്കാതെ രക്ഷയില്ല. സ്റ്റേഷന് പുറത്തേക്ക് കടക്കാൻ മാത്രമല്ല അടുത്ത പ്ലാറ്റ്ഫോമുകളിലേക്ക് പോകണമെങ്കിലും ഈ കടമ്പ കടക്കാതെ നിവൃത്തിയില്ല. കൂടുതൽ ലഗേജുകളുമായി വരുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. ഒരു ട്രെയിനിൽ വന്നിറങ്ങി മറ്റൊരു പ്ലാറ്റ്ഫോമിലുള്ള ട്രെയിനിൽ കയറി പോകേണ്ടവർക്ക് പെടാപ്പാടാണ്. മാറിക്കയറേണ്ട ട്രെയിൻ പുറപ്പെടുന്ന സമയത്താണെങ്കിൽ ദുരിതം ഇരട്ടിയാകും. എറണാകുളം ഭാഗത്തുനിന്നുമുള്ള എക്സിക്യൂട്ടിവ് എകസ് പ്രസിൽ വന്നിറങ്ങി നിലമ്പൂരിലേക്കുള്ള അവസാന ട്രെയിനിൽ പോകേണ്ടവർ മിക്കദിവസവും ഏറെ സാഹസപ്പെട്ടാണ് കയറിപ്പറ്റുന്നത്. പലപ്പോഴും ഇത് അപകടങ്ങൾക്കും വഴിവെക്കുന്നു.
പഴയ മേൽപാലം പൂട്ടിയതോടെ ഫലത്തിൽ സ്റ്റേഷനിലെ ലിഫ്റ്റ് സൗകര്യവും ഉപയോഗശൂന്യമായ നിലയിലാണ്. ലിഫ്റ്റ് പഴയ മേൽപാലത്തിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്നതിനാലാണ് ഈ അവസ്ഥയും കൈവന്നത്. തൊട്ടടുത്തുള്ള ചെറിയ സ്റ്റേഷനുകളിലെ മേൽപാലങ്ങൾ വരെ ധ്രുതഗതിയിൽ നിർമിച്ച സാഹചര്യത്തിലാണ് കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ ജങ്ഷന്റെ ദുരിതം തുടർക്കഥയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.