പാലക്കാട്: അവധിക്കാലത്തും ഉത്സവസീസണുകളിലും തിരക്ക് കുറക്കാൻ റെയിൽവേ അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകൾ ഒറ്റപ്പാലത്തെ അവഗണിക്കുന്നു. ശബരിമല സീസണും പുതുവർഷവും കണക്കിലെടുത്ത് സ്പെഷൽ വണ്ടികൾ അനുവദിച്ചു തുടങ്ങിയെങ്കിലും ഒറ്റപ്പാലത്ത് സ്റ്റോപ്പില്ല. പാലക്കാട് കഴിഞ്ഞാൽ ഷൊർണൂരിലും തൃശൂരിലും മാത്രമാണ് സ്റ്റോപ്പുള്ളത്. വരുമാനത്തിന്റെ കാര്യത്തിൽ ഒറ്റപ്പാലത്തിന്റെ പകുതി പോലും ഇല്ലാത്ത മാവേലിക്കര, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല സ്റ്റേഷനുകളിൽ ഭൂരിഭാഗം വണ്ടികൾക്കും സ്റ്റോപ്പുണ്ട്. കായംകുളത്തിനും-കോട്ടയത്തിനുമിടയിൽ 55 കിലോമീറ്ററിനിടെ ആറ് സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ പാലക്കാട് കഴിഞ്ഞാൽ 32 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പാലത്ത് മിക്ക വണ്ടികളും നിർത്താതെ പോകുകയാണ്.
അടുത്ത് കാലത്ത് റെയിൽവേ അനുവദിച്ച കൊല്ലം - തിരുപ്പതി, മാംഗ്ലൂർ - രാമേശ്വരം വണ്ടികൾക്കും ഒറ്റപ്പാലത്ത് സ്റ്റോപ്പില്ല. പാലക്കാട് വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കും തിരികെയും പോകുന്ന ട്രെയിനുകൾക്ക് പാലക്കാട്ടും തൃശൂരും മാത്രമാണ് സ്റ്റോപ്പുള്ളത്. ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചാൽ മലബാറിലെ യാത്രക്കാർക്കും പ്രയോജനപ്പെടുത്താൻ കഴിയും. തെക്കൻ ജില്ലകളിൽനിന്ന് പാലക്കാട് വഴി വടക്കോട്ട് പോകുന്ന പല ട്രെയിനുകളിലും മലബാറിലെ യാത്രക്കാരിൽ പലരും ഷൊർണൂർ വരെ ട്രെയിനിലെത്തി പിന്നെ റോഡുമാർഗം ഒറ്റപ്പാലത്ത് എത്തി കയറാറുണ്ട്. ഒറ്റപ്പാലം സ്റ്റേഷൻ നവീകരണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും സ്റ്റോപ്പ് അനുവദിക്കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
സ്പെഷൽ ട്രെയിൻ അല്ലാതെ മാത്രം അറുപതോളം വണ്ടികൾ പ്രതിദിനം കടന്നുപോകുമ്പോൾ ഒറ്റപ്പാലത്ത് നിർത്തുന്നത് 25 എണ്ണം മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.