ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്ണുകുർശ്ശി ഇരട്ടക്കൊലപാതക കേസിലെ പ്രതി ഉണ്ണീരികുണ്ടിൽ രാജേന്ദ്രനെ (49) കണ്ണുകുർശ്ശിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സന്നാഹത്തോടെ ബുധനാഴ്ച രാവിലെ 11.30ഓടെയാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം കഴിഞ്ഞ് അഞ്ച് വർഷമാവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അയൽവാസിയായ പ്രതിയെ പിടികൂടിയത്. 2016 നവംബർ 15നാണ് വയോദമ്പതികളായ ഗോപാലകൃഷ്ണൻ, തങ്കമണി എന്നിവർ വീടിനുള്ളിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്.
റിമാൻഡിലായിരുന്ന രാജേന്ദ്രനെ ചൊവ്വാഴ്ചയാണ് അന്വേഷണ സംഘം കോടതിയുടെ അനുവാദത്തോടെ കസ്റ്റഡിയിൽ വാങ്ങിയത്. ഒരുദിവസം െപാലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമാണ് കൊലപാതകം നടന്ന സ്ഥലത്ത് കൊണ്ടുവന്നത്. ആദ്യം കൃത്യം നടന്ന സമയം രാജേന്ദ്രൻ താമസിച്ച വായില്യാംകുന്ന് ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിലെത്തിച്ച് തെളിവെടുത്തു.
തുടർന്നാണ് കൊലപാതകം നടന്ന വീട്ടിലെത്തിച്ചത്. കൃത്യം നടത്തിയതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും രാജേന്ദ്രൻ അന്വേഷണ സംഘത്തിന് വിശദീകരിച്ചു നൽകി. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. തുടർന്ന് രാജേന്ദ്രനും കുടുംബവും നിലവിൽ വാടകക്ക് താമസിക്കുന്ന കടമ്പഴിപ്പുറം കൊല്യാനിയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷിെൻറ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. വൻ ജനാവലിയും പ്രദേശത്ത് തടിച്ചുകൂടി. കേസിൽ രാജേന്ദ്രനെ കൂടാതെ കൂടുതൽ പേരുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശദ അന്വേഷണത്തിന് ഉടൻ രാജേന്ദ്രനെയും കൊണ്ട് തമിഴ്നാട്ടിൽ പോകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി എം.വി. മണികണ്ഠൻ പറഞ്ഞു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി എം.സി. ദേവദാസ്, ക്രൈംബ്രാഞ്ച് എസ്.ഐ കെ. മുഹമ്മദ് അഷ്റഫ്, ശ്രീകൃഷ്ണപുരം എസ്.ഐ മുരളീധരൻ, ക്രൈംബ്രാഞ്ച് എ.എസ്.ഐമാരായ എം. ഹബീബ്, പി. സുദേവ്, സി.പി.ഒമാരായ കെ. സരീഷ് കുമാർ, കെ. രമേശ്, പി.ബി. ഷീബ എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.