ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് പുരസ്കാരത്തുടർച്ച. മികച്ച പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി അഞ്ചാം തവണയും നേടി ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. 2022-‘23 വർഷത്തെ മികവാർന്നതും ചിട്ടയുമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. സമ്പൂർണ കുടിവെള്ളം, മാലിന്യ മുക്ത ഗ്രാമം, തരിശുരഹിത പഞ്ചായത്ത്, ജൈവഗ്രാമം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ വീട്ടുപടിക്കലേക്കും റോഡ്, ആശുപത്രികളുടെ നവീകരണം, വിദ്യാലയങ്ങളുടെ നവീകരണം തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ച് പ്രവർത്തിച്ചത് നേട്ടമായി. 2022-‘23 വർഷത്തിൽ ഗ്രാമപഞ്ചായത്ത് 100 ശതമാനം നികുതിപിരിവ് 100 ശതമാനം പദ്ധതി നിർവഹണവും നടത്താൻ കഴിഞ്ഞു.
നെൽകൃഷിയുടെ വിസ്തൃതി വർധിച്ചു. പഞ്ചായത്ത് തരിശുരഹിത പഞ്ചായത്താക്കി ഉൽപാദന മേഖലയിൽ മികവ് പുലർത്തി. സംസ്ഥാനത്തെ മികച്ച മാലിന്യ മുക്തപ്രവർത്തനം നടക്കുന്ന ഗ്രാമപഞ്ചായത്തായി വെള്ളിനേഴി മാറി. ഹരിതസേനയുടെ പ്രവർത്തനം വളരെ ഫലപ്രദമായി നടക്കുന്നു. വെള്ളിനേഴിയെ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു.ആരോഗ്യരംഗത്ത് അടക്കാപുത്തൂർ കുടുംബാരോഗ്യകേന്ദ്രം, വെള്ളിനേഴി കുടുബാരോഗ്യ കേന്ദ്രം എന്നിവയെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തി വൈകുന്നേരം വരെ ചികിത്സ ഏർപ്പെടുത്തി.
പഞ്ചായത്തിലെ രണ്ട് ജി.എൽ.പി സ്കൂളുകളും സ്മാർട് വിദ്യാലയങ്ങളാക്കി. യുവജന ക്ലബുകളുടെ ഏകോപനം ഉറപ്പു വരുത്തി. ഫുട്ബാൾ, ക്രിക്കറ്റ് കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ജൻഡർ ഗെയിംസ് ഫെസ്റ്റിവൽ, പെൺകരുത്ത്-വിധവ പദവി പഠനം എന്നിങ്ങനെ നൂതന പ്രോജക്ടുകൾ നടപ്പാക്കി. ലഹരി മുക്തപരിപാടിയുടെ ഭാഗമായ ‘വർജ്ജനം’ എന്ന ഗ്രാമപഞ്ചായത്തിന്റെ തനതു പദ്ധതി നടപ്പാക്കി. മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. തോടുകളുടെ നവീകരണം, കിണർ റീചാർജിങ്, സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ മാനേജ് കമ്മിറ്റി പ്രവർത്തിക്കുന്ന പഞ്ചായത്തുകളിലൊന്നായി വെള്ളിനേഴി തെരഞ്ഞെടുത്തു. നക്ഷത്രവനവും ജൈവ വൈവിധ്യ ഉദ്യാനവും ഔഷധസസ്യത്തോട്ടവും മിയാവാക്കി വനവും നിർമിച്ചു. വെള്ളിനേഴിയെ പൈതൃക ഗ്രാമമാക്കി. റൂറൽ ആർട് ഹബിന്റെ ഭാഗമായി കഥകളി കോപ്പ് പരിശീലന കേന്ദ്രം ആരംഭിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരകം കെട്ടിടനിർമാണം പൂർത്തീകരിച്ചു. കലാഗ്രാമം തുടർ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വൈവിധ്യമായ വികസന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ അഴിമതി രഹിതമായി നടത്തിയതിന്റെ അംഗീകാരമാണ് സ്വരാജ് ട്രോഫിയിലൂടെ നേടിയതെന്ന് പ്രസിഡന്റ് കെ. ജയലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.