ശ്രീകൃഷ്ണപുരം: തിരൂരങ്ങാടി നഗരസഭ അംഗവും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി കാറും 30,000 രൂപയും മൊബൈൽ ഫോണും കവർന്നു. പാലക്കാട് മുണ്ടൂർ -ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ തിരുവാഴിയോട് കനാൽ പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് നഗരസഭ അംഗവും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടത്. നഗരസഭ അംഗം തിരൂരങ്ങാടി ചുക്കാൻ മേലോട്ടിൽ വീട്ടിൽ മുഹമ്മദ് അലിക്ക് (43) കൈക്ക് പരിക്കേറ്റു. സുഹൃത്തുക്കളായ തിരൂരങ്ങാടി ചെമ്മലപ്പാറ വീട്ടിൽ സി.പി. യഹിയാസ് (37), തിരൂരങ്ങാടി കരിപറമ്പത്ത് വീട്ടിൽ കെ.പി. നിസാർ (35) എന്നിവർക്കും നിസ്സാര പരിക്കേറ്റു. മുഹമ്മദ് അലി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അജ്ഞാത സംഘത്തിെൻറ വടിവാൾകൊണ്ടുള്ള ആക്രമണത്തിലാണ് മൂന്നുപേർക്കും പരിക്കേറ്റത്. മൂന്നുപേരും ചേർന്ന് ചെന്നൈയിൽ ബേക്കറിയും ഹോട്ടലും നടത്തിവരുകയാണ്.
രാത്രി ചെന്നൈയിൽ നിന്ന് കാറിൽ പുറപ്പെട്ട മൂവർ സംഘത്തെ തിരുവാഴിയോട് കനാൽ പാലത്തിന് സമീപത്തുവെച്ച് പിന്നാലെ വന്ന ടെമ്പോ മിനി ലോറി തടഞ്ഞുനിർത്തി. തുടർന്ന് പിറകിൽ കാറിൽ വന്ന അക്രമിസംഘം മുഹമ്മദാലിയും കൂട്ടുകാരും സഞ്ചരിച്ച കാറിന് സമീപം വാഹനം നിർത്തി കമ്പിപ്പാരയും വടിവാളുമായി ആക്രമണം തുടങ്ങി. കാറിെൻറ ചില്ല് തകർത്ത സംഘം മുഹമ്മദാലിയെയും കൂട്ടുകാരെയും വലിച്ചിറക്കി ആക്രമിച്ചു. ശേഷം പണവും മൊബൈൽ ഫോണും പിടിച്ചുവാങ്ങി കാറുമായി ചെർപ്പുളശ്ശേരി ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.
ചുവപ്പുനിറമുള്ള മാരുതി ബ്രെസ്സ കാറാണ് തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ അഞ്ചുപേരുണ്ടായിരുന്നതായി മുഹമ്മദാലി പൊലീസിൽ മൊഴി നൽകി. മുഹമ്മദാലിയുടെ 20,000 രൂപ, ഒരു ഐഫോണ്‍, ഒരു സാംസങ് ഫോണ്‍, നിസാറിെൻറ ഒരു ഐഫോണ്‍, യഹിയാസിെൻറ പതിനായിരം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. നിസാറാണ് വാഹനം ഓടിച്ചിരുന്നത്. തിരൂരങ്ങാടി നഗരസഭയിലെ സി.പി.എം അംഗമാണ് മുഹമ്മദാലി. ഇദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ളതാണ് കാർ. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പഴിപ്പുറം ഭാഗത്തും സമാന രീതിയിൽ കാർ തട്ടിക്കൊണ്ടുപോയിരുന്നു. പ്രതികൾ പിന്നീട് പിടിയിലുമായിരുന്നു. ആദ്യം ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലും പിന്നീട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷിച്ചുവരുകയാണെന്ന് സി.ഐ കെ.എം. ബിനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.