ശ്രീകൃഷ്ണപുരം: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടതു കനലിന് കുറുകെ തിരുവാഴിയോട് ഗവ. എൽ.പി സ്കൂളിന് സമീപമുള്ള കനാൽപാലം തകർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും പുതുക്കിപ്പണിയാൻ നടപടിയില്ല. 10 വർഷം മുമ്പ് കനത്ത മഴയിൽ നിലപൊത്തിയ പാലമാണ് പുനർനിർമാണം കാത്തുകിടക്കുന്നത്. പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിരവധി തവണ കാഞ്ഞിരപ്പുഴ ജലവിഭവ വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
പാലം തകർന്നതോടെ പ്രദേശത്തെ കർഷകരും കൂലിപ്പണിക്കാരുമാണ് ഏറെ പ്രതിസന്ധിയിലായത്. നൂറോളം കുടുംബങ്ങളാണ് പാലത്തിനിപ്പുറത്തുള്ളത്. എന്താവശ്യത്തിനും കനാലിന് മറുകരയെത്താൻ 100 മീറ്റർ മാത്രം സഞ്ചരിച്ചാൽ മതി എന്നിരിക്കെ പാലം തകർന്നതോടെ കിലോമീറ്ററുകൾ താണ്ടിയാണ് പ്രദേശവാസികളിൽ ഇരുകരയിലുമെത്തുന്നത്.
കർഷകരാകട്ടെ വിത്ത്, വളം എന്നിവ പടത്തേക്ക് തലച്ചുമടായി എത്തിച്ചിരുന്നതും വിളവെടുപ്പിനുശേഷം നെല്ലും പച്ചക്കറികളും തിരിച്ചു കൊണ്ടുപോയിരുന്നതും ഈ പാലത്തിലൂടെയായിരുന്നു. തിരുവാഴിയോട് സെൻററിൽനിന്നും കുറുവട്ടൂർ മേഖലയിലേക്ക് പോകേണ്ട കാൽനടക്കാർക്ക് പാലം ഏറെ ഗുണകരമായിരുന്നു. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ഗ്രാമസഭയിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.