ഷൊർണൂർ: ഷൊർണൂരിൽ സംസ്ഥാന പാതയിലൂടെയുള്ള യാത്ര കൂടുതൽ ദുരിതമായി. നാല് വർഷമായി തുടരുന്ന ദുരിതം നിലവിൽ അസഹനീയമായി. മിക്കയിടത്തും റോഡിന്റെ ഉപരിതലം പോലുമില്ല. പെരിന്തൽമണ്ണ-തൃശൂർ സംസ്ഥാന പാതയുടെ ഷൊർണൂർ നഗരസഭ പ്രദേശം ആരംഭിക്കുന്ന കുളപ്പുള്ളി ചുവന്ന ഗേറ്റ് മുതൽ അവസാനിക്കുന്ന ഷൊർണൂർ കൊച്ചിപ്പാലം വരെ റോഡിന്റെ അവസ്ഥ ദയനീയമാണ്.
ഈ ഭാഗങ്ങളിൽ റോഡ് പുതുക്കിപ്പണിയാൻ കരാർ നൽകിയിട്ട് മൂന്ന് വർഷമായി. പണിയാരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാനായില്ല. രണ്ട് പ്രവൃത്തികളായി നൽകിയ പദ്ധതിയിൽപെട്ട കരാറുകാർക്ക് മൂന്നരലക്ഷം രൂപ പിഴ ചുമത്തി കാലാവധി നീട്ടി നൽകിയിട്ടുണ്ടെങ്കിലും അഴുക്കുചാൽ നിർമാണം കൂടി പൂർത്തിയാക്കിയിട്ടില്ല.
ഷൊർണൂർ കൊച്ചിപ്പാലം മുതൽ എസ്.എം.പി ജങ്ഷൻ, പൊതുവാൾ ജങ്ഷൻ വരെയുള്ള ഭാഗത്ത് റോഡ് നവീകരിക്കാൻ രണ്ടരക്കോടി രൂപക്കാണ് കരാർ. ഈ ഭാഗത്താണ് പണി എങ്ങുമെത്താതെ കിടക്കുന്നത്. നവംബർ 20 വരെയാണ് ഇവർക്ക് കരാർ പുതുക്കി നൽകിയിട്ടുള്ളത്. നവംബർ 20ന് ടാറിങ് പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
രണ്ടോ മൂന്നോ മിനിട്ട് കൊണ്ട് വാഹനങ്ങൾ കടന്നുപോകേണ്ടിടത്ത് പലപ്പോഴും പത്ത് മിനിട്ടിലധികം സമയമെടുക്കുന്നു. ഗതാഗതക്കുരുക്ക് ഉണ്ടായാൽ വീണ്ടും കൂടുതൽ സമയമെടുക്കും. വലിയ ഗർത്തങ്ങളിൽപെട്ട് വാഹനങ്ങൾ മറിയുന്നതും നിത്യസംഭവമാണ്. വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന വാക്കുതർക്കങ്ങളും പതിവാണ്. ശബരിമല സീസൺ ആരംഭിച്ചതിനാൽ വാഹനങ്ങളുടെ എണ്ണവും കൂടി.
എസ്.എം.പി ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പൊതുവാൾ ജങ്ഷൻ വഴി കുളപ്പുള്ളി സിംകോ ജങ്ഷൻ വരെയുള്ള പ്രവൃത്തിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആറ് കോടിയുടെ ഈ പദ്ധതിയിൽ അഴുക്കുചാലിന്റെ പണി പൂർത്തിയായിട്ടുണ്ട്. കോൺവെന്റ് സ്കൂൾ മുതൽ കുളപ്പുള്ളി വരെ ആദ്യഘട്ടമായ ബിറ്റുമെൻ മെക്കാഡം (ബി.എം) ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലത്തും റോഡ് തകർന്നുകിടക്കുകയാണ്. നവംബർ 30 വരെയാണ് ഈ കരാറുകാരന് പണി പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ സമയത്തിനുള്ളിൽ ഇതും പൂർത്തിയാകുമോയെന്ന് വ്യക്തമല്ല.
ഇതിലൂടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കാൽ നടയാത്ര പോലും ദുസ്സഹമായ സ്ഥിതിയാണ്. എന്നിട്ടും ഭരണാധികാരികളും ഉദ്യോഗസ്ഥരും കരാറുകാരും തികഞ്ഞ അലംഭാവത്തിലാണ്. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവഴി വരുമ്പോഴേക്കെങ്കിലും റോഡ് ശരിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.