പാലക്കാട്: സപ്ലൈകോ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ജില്ലയിലെ 20,000 ഓളം കർഷകർ പണം കിട്ടാതെ വലയുന്നു. രണ്ടാംവിളയിൽ 1.17 ലക്ഷം മെട്രിക് ടൺ നെല്ല് സപ്ലൈകോ ജില്ലയിലെ കർഷകരിൽനിന്ന് ഇതുവരെ സംഭരിച്ചു. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ നിന്നും യഥാക്രമം 40,177.17, 29,102.36 മെട്രിക് ടണ്ണും പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽനിന്ന് 48,571.69 മെട്രിക് ടണ്ണുമാണ് സംഭരിച്ചത്. നെല്ല് സംഭരണത്തിന് 62,243 കർഷകർ സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തു.
56,983 പേരുടെ രജിസ്ട്രേഷന് അംഗീകാരം നൽകി. ആലത്തൂരിൽനിന്ന് 20,605ഉം ചിറ്റൂരിൽനിന്ന് 12,122ഉം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിൽനിന്ന് 24,256 കർഷകരുടെ നെല്ലും സപ്ലൈകോ സംഭരിച്ചു. ഇതിൽ 36,261 കർഷകർക്ക് പണം നൽകാൻ ജൂൺ 13 വരെ ബാങ്കുകളിലേക്ക് നൽകിയിട്ടുണ്ട്. 20, 722 കർഷകരുടെ പട്ടിക ഇനിയും നൽകാനുണ്ട്. സംഭരിച്ച് 15 ദിവസത്തിനകം നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ക്രമീകരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മാർച്ചിൽ ജില്ലയിലെ നെൽകർഷകരുടെ യോഗത്തിൽ അറിയിച്ചെങ്കിലും ഇപ്പോഴും 20, 000 ലധികം കർഷകർ പണം ലഭിക്കാതെ ഏറെ കഷ്ടപ്പെടുകയാണ്. നെല്ല് സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിടുകയും ഈ സീസണിലെ ഒന്നാം വിള കൃഷി പണികൾ ആരംഭിക്കുകയും ചെയ്തു. എന്നിട്ടും പണം കിട്ടാൻ നെട്ടോട്ടത്തിലാണ് കർഷകർ. സംഭരിച്ച നെല്ലിന്റെ അലോട്ട്മെന്റ് സർക്കാർ ബാങ്കുകൾക്ക് നൽകാതായതോടെ കർഷകർക്കു പണം നൽകുന്നത് ബാങ്കുകൾ താൽക്കാലികമായി നിർത്തിയിരുന്നെങ്കിലും എന്നാൽ ജൂൺ പത്തു മുതൽ വീണ്ടും പുനരാരംഭിച്ചു.
കോട്ടായി: നെല്ല് സപ്ലൈകോക്ക് നൽകി എട്ട് മാസമായിട്ടും പണം ലഭിക്കാത്തതിനാൽ സഹികെട്ട കർഷകർ സംഘമായി നേരിട്ട് ബാങ്കുകളിലെത്തി മാനേജർമാരുമായി സംസാരിച്ചു. രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പു നൽകി. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, മാത്തൂർ മേഖലകളിലെ കർഷകരാണ് വെള്ളിയാഴ്ച സ്റ്റേറ്റ് ബാങ്ക് കോട്ടായി ശാഖ, കനറ ബാങ്ക് കോട്ടായി ശാഖ എന്നിവിടങ്ങളിൽ മാനേജർമാരെ കണ്ടത്. നെല്ല് നൽകിയതിന്റെ പി.ആർ.എസ് ലഭിച്ച് മാസങ്ങളായിട്ടും പണം ലഭിക്കാത്തതാണ് കർഷകരെ ക്ഷുഭിതരാക്കിയത്. സപ്ലൈകോയിൽ അന്വേഷിച്ചാൽ പണം അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് പറയും. ബാങ്കിൽ ചോദിച്ചാൽ എത്തിയിട്ടില്ലെന്ന് പറയും.
ബാങ്കിൽ നേരിട്ടെത്തി അന്വഷിച്ചപ്പോൾ നൂറുക്കണക്കിന് കർഷകരുടെ അക്കൗണ്ട് ക്ലിയറൻസ് നടത്താനുണ്ടെന്നും ഒരു ദിവസം പരമാവധി 30 പേരുടെ മാത്രമേ ശരിയാക്കാൻ സാധിക്കുന്നുള്ളൂ എന്നും അക്കൗണ്ടിൽ പണം എത്തിയവരുടേത് ഈ മാസം 18നകം ശരിയാക്കിത്തരാമെന്നും മാനേജർമാർ ഉറപ്പു നൽകിയശേഷമാണ് കർഷകർ പിരിഞ്ഞു പോയത്. പി.ആർ.എസ് കൈയിൽ കിട്ടി മാസങ്ങൾക്കു ശേഷമാണ് പണം ലഭിക്കുക. പണത്തിനായി ഇത് ബാങ്കിൽ ഹാജരാക്കണം. പി.ആർ.എസിൽ രേഖപ്പെടുത്തിയ വിവരങ്ങൾ രണ്ടാഴ്ചക്കകം മാഞ്ഞുപോകും. പിന്നീട് ഇതുമായി ചെന്നാൽ രേഖയിലെ വിവരങ്ങൾ കാണുന്നില്ലെന്നും പണം തരണമെങ്കിൽ സപ്ലൈകോ അധികൃതരുടെ ഒപ്പുവാങ്ങിവരണമെന്നും പറഞ്ഞ് മടക്കി വിടുന്നതും പതിവാണ്. എന്നാൽ കർഷകന്റെ കൈയിലെ രേഖയിൽ മാഞ്ഞുപോയാലും ബാങ്കിലെ കമ്പ്യൂട്ടറിൽ ഇ-പി.ആർ.എസ്സും അക്കൗണ്ട് വിവരങ്ങളും ലഭിക്കില്ലേ എന്നാണ് കർഷകർ ചോദിക്കുന്നത്. ഇത് കർഷക ദ്രോഹമാണെന്നാണ് കർഷകർ പറയുന്നത്. അതേ സമയം ബാങ്ക് ഉന്നതാധികാരികളുടെ നിർദേശം പാലിക്കാനേ കഴിയൂ എന്നാണ് ശാഖ മാനേജർമാരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.