പാലക്കാട്: ഒന്നാം വിള നെല്ല് സംഭരണത്തിൽ സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലാതെ വന്നതോടെ തുടക്കം ആശയക്കുഴപ്പത്തിൽ. ഇതിനിടയില്‍ നിലവിലുള്ള സംവിധാനം കാര്യക്ഷമമായി കൊണ്ടുപോകാന്‍ സപ്ലൈകോ-കൃഷിവകുപ്പ് ഏകോപനമില്ലായ്മയും കാരണമാവുകയാണ്.
ജില്ലയില്‍ ആലത്തൂര്‍, പാലക്കാട്, ചിറ്റൂര്‍ മേഖലകളായുള്ള നെല്ല് സംഭരണ സംവിധാനത്തില്‍ ആലത്തൂർ താലൂക്കിൽ മാത്രമാണ് നെല്ലളക്കല്‍ ആരംഭിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ നടപടി ഇഴഞ്ഞ് നീങ്ങി തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടയിൽ കൃഷിവകുപ്പ് ഉത്തരവ് നല്‍കിയിട്ടും കൃഷി അസിസ്റ്റന്റുമാര്‍ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുക കൂടി ചെയ്തതോടെ സംഭരണം പരിപൂര്‍ണ അവതാളത്തിലാണ്.
ഫീല്‍ഡുതലത്തില്‍ നെല്ലളക്കുന്നതിന്റെ ചുമതല 40 പേര്‍ക്കാണ്. ഇതില്‍ 20 പേര് സപ്ലൈകോയില്നിന്നുള്ള കരാര്‍ ജീവനക്കാരും 20 പേര് കൃഷി അസിസ്റ്റന്റുമാരാണ്. ചുമതല നല്കപ്പെട്ട കൃഷി അസിസ്റ്റന്റുമാരില്‍ എട്ട് പേര് മാത്രമാണ് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറായിട്ടുള്ളത്.
1000 കര്‍ഷകര്‍ക്ക് ഒരു ഉദ്യോഗസ്ഥന് എന്ന അനുപാതത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. നിലവില്‍ 49,569 കര്‍ഷകരാണ് ഒന്നാം വിള നെല്ല് സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഴുവന്‍ ജീവനക്കാരും ജോലി ചെയ്താല്‍ പോലും കൃത്യസമയത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നിരിക്കെ ചുമതലയുള്ള ജീവനക്കാർ വിട്ടുനില്‍ക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ദുരിതമുണ്ടാക്കും.
സപ്ലൈകോയുമായി സഹകരിച്ച് നെല്ല് സംഭരിക്കാൻ മില്ലുടമകള്‍ തയാറാകാത്തത് മറ്റൊരു പ്രതിസന്ധിയാണ്. 10 മില്ലുടമകള്‍ മാത്രമാണ് നിലവില്‍ സംഭരിക്കാൻ കരാറിലുള്ളത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ സംഭരിക്കില്ലെന്ന നിലപാടിലാണ് അസോസിയേഷനിലെ 50ഓളം മില്ലുടമകള്‍. അരി തിരിച്ചുനല്‍കുന്ന അനുപാതം 68 ശതമാനത്തില്‍നിന്ന് 64.5 ആക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
സംഭരണം കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിനും സര്‍ക്കാര്‍ ഇനിയും കാര്യക്ഷമമായ സംവിധാനം ഒരുക്കിയിട്ടില്ല. പ്രാഥമിക സര്‍വിസ് സഹകരണ സംഘങ്ങള്‍ വഴി സംഭരണത്തിന് സംവിധാനമൊരുക്കാന്‍ ശ്രമമുണ്ടെങ്കിലും ഇതിനൊന്നും വ്യക്തമായ രൂപവുമായിട്ടില്ല.
ദിവസങ്ങള്‍ വിയര്‍പ്പൊഴുക്കി വിളയിറക്കിയ കര്ഷകന് നെല്ല് കൊയ്തെടുത്താല്‍ എന്തുചെയ്യുമെന്നറിയാതെ നട്ടം തിരിയുന്ന സാഹചര്യമാണ്. നെല്ല് ഉണക്കി സൂക്ഷിക്കാന്‍ പലര്‍ക്കും മതിയായ സൗകര്യമില്ല. ഇനി തുലാവര്‍ഷം ശക്തിപ്പെട്ടാല്‍ കൊയ്തെടുത്ത നെല്ല് മുളച്ച് നശിച്ചുപോകുമെന്ന ഭയപ്പാടിലാണ് കര്‍ഷകര്‍.
ജില്ലയിൽ പലയിടത്തും ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിളക്കുള്ള ഞാറ്റടി തയാറാക്കുന്ന ഒരുക്കത്തിലാണ്. എന്നാൽ, രണ്ടാം വിള പൂർണമായും ഡാമുകളിലെ ജലസേചനത്തെ ആശ്രയിച്ചാണ്. ജില്ലയിലെ വലിയ ഡാമായ മലമ്പുഴയിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
പാലക്കാട്: ജില്ലയില്‍ രണ്ടാം വിള നെല്ലളന്ന് പണത്തിന് കാത്തിരിക്കുന്നത് 6758 കര്‍ഷകര്‍. ഇവര്‍ക്ക് ഇനിയും നല്‍കാനുള്ളത് 51 കോടി രൂപയാണ്. നെല്ലിന് പണം പി.ആര്.എസ് വായ്പയായി വേണ്ടെന്ന നിലപാടിലാണ് ഈ കര്‍ഷകര്‍. പി.ആര്.എസുമായി ബാങ്കുകളെ സമീപിച്ചാല്‍ ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം ലഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചിട്ടുണ്ട്.
വായ്പ സ്വീകരിച്ച് സര്‍ക്കാര്‍ കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ പലിശ നല്‍കേണ്ടിവരുമെന്നും ഇത് ബാധ്യയാകുമെന്ന കാരണത്താലും ബാങ്കുകളില്‍ ഇതിനുവേണ്ടി മാത്രമായി അക്കൗണ്ട് തുറക്കേണ്ടി വരും എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കര്‍ഷകര്‍ വായ്പ സ്വീകരിക്കാത്തത്. ഇനി സപ്ലൈകോ പണം നല്‍കും വരെ ഇവര്‍ കാത്തിരിക്കേണ്ടി വരും.
പാലക്കാട്: പാലക്കാടൻ മട്ട എന്ന പേരിലറിയുന്ന ജ്യോതി നെല്ലിന് പൊതുവിപണിയിൽ താങ്ങുവിലയോളം ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമായി. ജ്യോതി നെല്ലിന് കിലോക്ക് 27 മുതൽ 28 വരെ ലഭിക്കുന്നുണ്ട്. മാത്രമല്ല നെല്ല് കൊടുത്താൻ ഉടൻ പണം ലഭിക്കുന്നതിനാൽ കർഷകർക്ക് പൊതുവിപണിയിൽ നൽകാനാണ് താൽപര്യം. സപ്ലൈകോക്ക് നൽകിയാൽ കിട്ടുന്ന താങ്ങുവില കിലോക്ക് 28.20 രൂപയാണ്.
ഇതാകട്ടെ നീണ്ട കാത്തിരുപ്പിനുശേഷമാണ് ലഭിക്കുന്നത്. വെള്ള ഇനത്തിൽപെട്ട ഉമ നെല്ലിന് കിലോക്ക് 18 മുതൽ 20 വരെയാണ് പൊതുവിപണിയിലെ വില. ജില്ലയിൽ കൂടുതൽ കർഷകരും ഒന്നാം വിളക്ക് ഉമ നെൽവിത്താണ് ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം വിളയിൽ മഴ കൂടുതൽ ലഭിക്കുന്നതിനൽ നെൽച്ചെടികൾ നിലത്ത് വീഴാനുള്ള സാധ്യത കൂടുതലാണ്. ഉമയിൽ വീഴ്ച സാധ്യത കുറവാണെങ്കിൽ ജ്യോതിയിൽ കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.