ഷൊർണൂർ: കൊച്ചിപ്പാലത്തിന് സമീപം നഗരസഭയുടെ മേൽനോട്ടത്തിൽ ടേക് എ ബ്രേക്ക് കെട്ടിടം നിർമിച്ചതിൽ വൻ അഴിമതിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് വിജിലൻസിനും ആന്റി കറപ്ഷൻ ബ്യൂറോക്കും പരാതി നൽകിയതായി കോൺഗ്രസ് നഗരസഭാംഗം ഷൊർണൂർ വിജയൻ പറഞ്ഞു. ഓംബുഡ്സ് മാൻ, കേന്ദ്ര വിജിലൻസ് വകുപ്പ്, ധനകാര്യ കമീഷൻ എന്നിവർക്ക് പരാതി അയച്ചതായി ബി.ജെ.പി മണ്ഡലം സെക്രട്ടറിയും നഗരസഭാംഗവുമായ കെ. പ്രസാദും അറിയിച്ചു.
കേന്ദ്ര ധനകാര്യ കമീഷന്റെ ടൈഡ് ഗ്രാന്റ് ഉപയോഗിച്ചാണ് കൊച്ചിപ്പാലത്തിന് സമീപമുള്ള രണ്ട് സെന്റ് സ്ഥലത്ത് 1400 ചതുരശ്ര അടിയിൽ നഗരസഭ കെട്ടിടം പണിതത്. ജി.ഐ പൈപ്പും ഷീറ്റുകളും മാത്രം ഉപയോഗിച്ചാണ് കെട്ടിടം പണിതത്. ചുമർ നിർമിക്കാതെ ഷീറ്റ് ഘടിപ്പിച്ചാണ് നാല് ഭാഗവും മറച്ചത്.
ഇതിന് 52.68 ലക്ഷം രൂപ ചെലവാക്കിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിന് പകരം കോൺക്രീറ്റ് കെട്ടിടം പണിതിരുന്നെങ്കിൽ ഭാവിയിൽ മുകളിലേക്ക് ഒന്നോ രണ്ടോ നില കൂടി പണിയാമായിരുന്നുവെന്നും ഇത് സംസ്ഥാനപാതയിലൂടെ പോകുന്ന ദീർഘദൂര യാത്രക്കാർക്ക് വിശ്രമകേന്ദ്രം കൂടിയായി ഉപയോഗപ്പെടുത്താമായിരുന്നെന്നും നഗരസഭാംഗം വിജയൻ പറഞ്ഞു. പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം നഗരസഭക്ക് നല്ല വരുമാനവും ലഭിക്കുമായിരുന്നു.
നഗരസഭയിൽ എൻജിനീയറും എൻജിനീയറിങ് വിഭാഗവും ഉണ്ടെങ്കിലും ഒരു കൺസൾട്ടൻസി കമ്പനിക്കാണ് നിർമാണച്ചുമതല നൽകുന്നത്. ഇവർക്ക് പത്ത് ശതമാനം ഫീസായി നൽകുകയും വേണം. ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം അഴിമതികൾക്കെതിരെ ജനരോഷം ഉയർന്നേ മതിയാകൂവെന്ന് നഗരസഭാംഗം പ്രസാദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.