മുണ്ടൂർ: മുഖം മാറിയ മുണ്ടൂർ മേഖലയിൽ അപകടങ്ങൾ പെരുകുന്നു. അപകടങ്ങൾ നിയന്ത്രിക്കാൻ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ പ്രധാന ഭാഗമായ നാട്ടുകൽ - താണാവ്, മുണ്ടൂർ-തൂത പാതകളുടെ നവീകരണ പ്രവർത്തിയുടെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ച് വീതി കൂട്ടിയതോടെയാണ് മുണ്ടൂർ ടൗണിന് പുതുരൂപം കൈവന്നത്. പാലക്കാട്, മണ്ണാർക്കാട്, കോങ്ങാട് റോഡുകൾ സംഗമിക്കുന്നത് മുണ്ടൂർ ടൗണിലാണ്.
റോഡ് ആകെ മാറിയെങ്കിലും മുമ്പ് സ്ഥാപിച്ച് സൂചന ബോർഡുകൾ നീക്കം ചെയ്തിരുന്നു. ഇവക്ക് ബദലായി പുതിയ അടയാള ബോർഡുകളോ ദിശാ സൂചികകളോ സ്ഥാപിച്ചിട്ടില്ല. റോഡിന്റെ രൂപമാറ്റത്തോടെ ചെർപ്പുളശേരി പാതയിൽനിന്ന് വരുന്ന വാഹനങ്ങളും എതിരെ പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങളും കൂട്ടിയിടിക്കുന്നതും പതിവായി.
കയറം കോടിനും പന്നിയം പാടത്തിനും ഇടയിൽ പ്രതിവർഷം വാഹനാപകടങ്ങളിൽ 35 പേർക്കു പരിക്കേൽക്കുകയും നാലിലധികം പേർ മരിക്കുകയും ചെയ്യുന്നതായാണ് കണക്ക്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെയും അപകടത്തിനിരയാവുന്നത്.
ദേശീയപാതയിലും മുണ്ടൂർ-തൂത പാതയിലും പലയിടങ്ങളിലും വഴിവിളക്കുകളില്ലാത്തതും വിനയാവുന്നുണ്ട്. അപകടം കൂടിയ പന്നിയംപാടം, കയറംകോടം, മുണ്ടൂർ ടൗൺ എന്നിവിടങ്ങളിൽ വേഗത നിയന്ത്രണ ബോർഡുകൾ, മുന്നറിയിപ്പ് ദിശാ സൂചകങ്ങൾ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോഴും പ്രാവർത്തികമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.