പാലക്കാട്: സിവിൽ സ്റ്റേഷനിലെ കലക്ഷൻ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികൾ രണ്ടുദിവസത്തിനകം വിതരണം ചെയ്യുമെന്ന് കലക്ടർ ഡോ. എസ്. ചിത്ര. ദുരിതാശ്വാസ സാമഗ്രികൾ സിവിൽ സ്റ്റേഷനിലെ കലക്ഷൻ സെന്ററിൽ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇടപെട്ടതിനെ തുടർന്നാണ് നടപടി.
വിഷയവുമായി ബന്ധപ്പെട്ട് കലക്ടറുമായി സംസാരിച്ചെന്നും സാമഗ്രികൾ ഉടൻ വിതരണം ചെയ്യുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോം, വൃദ്ധസദനങ്ങൾ, കൊഴിഞ്ഞാമ്പാറ മേഖലയിലെ സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് സാധനങ്ങൾ വിതരണം ചെയ്യുമെന്ന് കലക്ടർ മാധ്യമത്തോട് പറഞ്ഞു.
വയനാട്ടിൽ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണം നിർത്തിവച്ചതോടെയാണ് ജില്ലയിൽ സമാഹരിച്ചവ ബാക്കിയായത്. നേരത്തെ രണ്ട് ലോഡ് വയനാട്ടിലേക്ക് കയറ്റി അയച്ചിരുന്നെങ്കിലും പിന്നെയും ധാരാളം സാധനങ്ങൾ അവശേഷിച്ചു.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും അടക്കം നിരവധി ബോക്സുകളാണ് ജില്ല ഇൻഫർമേഷൻ ഓഫിസിലെ കലക്ഷൻ സെന്ററിൽ കുമിഞ്ഞുകൂടി കിടക്കുന്നത്. ഒരു മാസത്തോളമായി സാധനങ്ങൾ ഇവിടെയുണ്ട്.
സന്നദ്ധസംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ഇത്രയും സാധനങ്ങൾ സമാഹരിച്ചത്. എല്ലാം കൃത്യമായി വിതരണം ചെയ്യുമെന്ന് കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.