ആലത്തൂർ: കാവശ്ശേരി കല്ലേപ്പുള്ളിയിൽ നിർമാണം നിന്നുപോയ കെൽപാമിന്റെ ആധുനിക അരിമില്ലിന്റെ അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാൻ നടപടി തെളിയുന്നു. പട്ടികജാതി വികസന വകുപ്പിന്റെ 9.61 കോടി രൂപ ഉപയോഗിച്ച് 2017ൽ നിർമാണം തുടങ്ങിയ പദ്ധതിയാണ് ഇടക്ക് നിന്നുപോയത്.
അനുബന്ധ പ്രവൃത്തികൾക്കായി ഒന്നരക്കോടി രൂപ അനുവദിക്കണമെന്ന് കാണിച്ചുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചതായാണ് അറിയുന്നത്. ഫെബ്രുവരി അവസാനം കെൽപാം എം.ഡി, ചെയർമാൻ, വകുപ്പ് ഉദ്യോഗസ്ഥർ, എം.എൽ.എ, മന്ത്രി എന്നിവർ യോഗം ചേർന്ന് തീരുമാനമെടുക്കും.
2021ൽ കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷനും ലൈസൻസും ലഭിച്ചിരുന്നില്ല. വൈദ്യുതി കണക്ഷനുള്ള നടപടി വൈകിയതോടെ ട്രയൽ റൺ നടത്താനുള്ള ശ്രമവും നടന്നില്ല. വൈദ്യുതി കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വയറിങ്ങിലും ഉപകരണങ്ങളിലും ചില മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചിരുന്നു. മാത്രമല്ല, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ല.
കെട്ടിട നിർമാണത്തിൽ അഗ്നിരക്ഷ വിഭാഗത്തിന്റെ നിബന്ധനകളും പാലിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്. ചുറ്റുമതിലും രണ്ട് വാഹനങ്ങൾ ഒരുമിച്ച് കടന്നുപോകാനുള്ള വഴിയും ഓഫിസ് സംവിധാനവും ഒരുക്കേണ്ടതുണ്ട്. ഇതിനെല്ലാം ആവശ്യമായ പണം പട്ടികജാതി വികസന വകുപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് തുടർ നടപടികൾ ആലോചിക്കുന്നത്.
മില്ല് പ്രവർത്തനം തുടങ്ങിയാൽ ഒരു ദിവസം രണ്ട് ഷിഫ്റ്റിലായി 48 ടൺ നെല്ല് സംസ്കരിച്ച് അരിയാക്കാൻ കഴിയുന്നതാണ് പദ്ധതി. നെല്ല് ശേഖരിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ച് മില്ല് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ കാവശ്ശേരി ആലത്തൂർ ഉൾപ്പെടുന്ന മേഖലയിലെ മുഴുവൻ നെല്ലും സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.