പാലക്കാട്: ഒറ്റക്കൊന്നും ചെയ്യാനാവാത്ത, തിരിച്ചറിവ് വരാത്ത ഭിന്നശേഷിക്കാരനായ മകനുമായി ഒറ്റമുറി ഷെഡിൽ ദുരിതജീവിതം നയിക്കുകയാണ് യാക്കര ചടനാംകുറിശ്ശി ശ്രീനഗർ കോളനിയിലെ സീനത്ത് (44). അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടിനായി ഇനി മുട്ടാത്ത വാതിലുകളില്ല. സീനത്തിന്റെ മൂത്തമകൻ ഷാജിർ അലി (27) ജന്മനാ ഭിന്നശേഷിക്കാരനാണ്. യുവാവ് ആണെങ്കിലും ഇപ്പോഴും കൊച്ചുകുട്ടികളുടെ മനസ്സാണ്. ആശുപത്രിയിലേക്ക് ഉൾപ്പെടെ എവിടെ പോകണമെങ്കിലും ഉമ്മ ഒക്കത്ത് എടുത്തുകൊണ്ടുപോകണം. തൊട്ടിലിലാണ് കിടപ്പ്. മലമൂത്രവിസർജനമെല്ലാം കിടന്നകിടപ്പിൽ തന്നെ. ഭക്ഷണം കാലിൽകിടത്തി വാരിക്കൊടുക്കണം. 100 ശതമാനം ഭിന്നശേഷിക്കാരനായ ഷാജിറിനെ ഒരുനിമിഷം പോലും വിട്ടുനിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് സീനത്ത്. അതിനാൽ ജോലിക്ക് പോകാനുമാകുന്നില്ല. സഹായത്തിനും ആരുമില്ല.
കിഡ്നി രോഗത്തെ തുടർന്ന് ഭർത്താവ് ഇസ്മയിൽ ഏഴുവർഷം മുമ്പ് മരിച്ചു. ഇളയമകൻ ഇഷാക്ക് പഠനം കഴിഞ്ഞ് ജോലിക്കായുള്ള അന്വേഷണത്തിലാണ്. സീനത്തിന്റെ സഹോദരൻ നൽകിയ രണ്ട് സെന്റ് ഭൂമിയിൽ കെട്ടിയ ഒറ്റമുറി ഷെഡിലാണ് അമ്മയും മക്കളും വർഷങ്ങളായി താമസം. അടുക്കളയും കട്ടിലുമെല്ലാം ഈ മുറിയിൽ തന്നെ. വീടിനോട് ചേർന്ന് ചെറിയൊരു പെട്ടിക്കടയിട്ടിട്ടുണ്ട്. ഇതിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഷാജിറിന്റെ ചികിത്സക്കുള്ള ചെലവും ഇതിൽനിന്നും കണ്ടെത്തണം. സദാസമയവും മൂളിക്കൊണ്ടിരിക്കുന്ന ഷാജിർ ഇടക്കൊക്കെ അക്രമാസക്തനാകും. അപ്പോൾ തല നിലത്തും ചുമരിലും കസേരയിലുമെല്ലാം ഇടിച്ച് മുറിവേൽപ്പിക്കും. മുറിവുകൾക്കുള്ള ചികിത്സ വേറെ നടത്തണം. അപസ്മാരത്തിന്റെ പ്രശ്നങ്ങളുമുണ്ട്. ജില്ല ആശുപത്രിയിലും ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലുമായാണ് നിലവിൽ ചികിത്സ നടത്തുന്നത്.
വീൽചെയർ ഉണ്ടെങ്കിലും ഇരിക്കാനാകില്ല. പല ആശുപത്രികളിലും ചെറുപ്പം മുതൽ ചികിത്സ നടത്തിയെങ്കിലും മാറ്റമുണ്ടായില്ല. ഇതിനിടെ ഭർത്താവ് കൂടി നഷ്ടപ്പെട്ടതോടെ പറക്കമുറ്റാത്ത മക്കളുമൊത്ത് സീനത്ത് ഒറ്റക്കായി. സർക്കാറിന്റെ സ്വാശ്രയ പദ്ധതിയിൽ ഇടക്ക് ധനസഹായം ലഭിച്ചിരുന്നു. വീടിനായി മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് ജില്ലയിലെത്തിയപ്പോൾ നേരിട്ട് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്ന് സീനത്ത് പറയുന്നു. മകന്റെ ഈ അവസ്ഥമൂലം വാടകവീട് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഉള്ള സ്ഥലത്ത് മക്കളെയും കൊണ്ട് കഴിയാൻ അടച്ചുറപ്പുള്ള ഒരു വീടാണ് സീനത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.