മണ്ണാർക്കാട്: ഉദ്ഘാടത്തിനൊരുങ്ങി തോരാപുരം പാലം. പണി പൂർത്തിയായ പാലം എൻ. ഷംസുദ്ദീൻ എം.എൽ.എ സന്ദർശിച്ചു. ആറു കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് പാലം നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. പാലം വരുന്നതോടെ മണ്ണാർക്കാട് ടൗണിൽനിന്ന് നൊട്ടൻമല വളവിലേക്ക് ചേലേങ്കര വഴി എത്തിച്ചേരാൻ കഴിയും. തോരാപുരത്തുകാർക്ക് വർഷക്കാലത്ത് ശ്മശാനത്തിലേക്ക് പോലും എത്താൻ കഴിയാതെ ദുരിതത്തിലായതിനെ തുടർന്നാണ് 2014ൽ പാലത്തിനു വേണ്ടി എം.എൽ.എ നിർദേശം സമർപ്പിക്കുന്നത്. 2015 അവസാനം ഭരണാനുമതി ലഭിച്ചു.
തുടർന്ന് മറ്റു നടപടികൾ പൂർത്തീകരിക്കാൻ സാവകാശം എടുത്തെങ്കിലും 2020 ജൂണിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പാലത്തിന് തറക്കല്ലിട്ടത്. മൂന്ന് വർഷംകൊണ്ട് പണി പൂർണമായും പൂർത്തീകരിച്ച പാലം ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുണ്ട്. എം.എൽ.എക്ക് പുറമെ കൗൺസിലർമാരായ ലക്ഷ്മി, ഖയറുന്നിസ, പാലം എക്സിക്യൂട്ടിവ് എൻജിനീയർ റിജോ, അസിസ്റ്റന്റ് എൻജിനീയർ ശർമിള, ഓവർസിയർ ഫൈസൽ, നാട്ടുകാർ എന്നിവർ പാലവും അപ്രോച്ച് റോഡും പരിസരങ്ങളും സന്ദർശിച്ച് ഇനി വരുത്തേണ്ട രണ്ടാം ഘട്ട വികസനത്തിന്റെ പദ്ധതികൾ തയാറാക്കി. വൈകാതെതന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.