വടക്കഞ്ചേരി: ഉയർന്ന നിരക്കിൽ ടോൾ കൊടുത്ത് യാത്ര ചെയ്യേണ്ട വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾക്ക് അവസാനമില്ല. വടക്കഞ്ചേരി മേൽപാലത്തിലെ ടാറിങ് പണികളാണ് ഇപ്പോൾ നടക്കുന്നത്. 28 കിലോമീറ്റർ റോഡിൽ പല ഭാഗങ്ങളും പൊളിച്ച് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇക്കുറിയും ശബരിമല തീർഥാടകർക്ക് ദുരിതയാത്ര തന്നെയാണ്. പേരിൽ മാത്രമാണ് ആറുവരി പാതയായുള്ളത്. ഏത് സമയവും അറ്റകുറ്റപ്പണി നടക്കുന്ന വടക്കഞ്ചേരിയിലെയും കുതിരാനിലെയും മേൽപാലങ്ങളിൽ ഒരു വശത്തേക്കുള്ള മൂന്നു വരിയിൽ ഒരു വരിയിലൂടെ മാത്രമാണ് പലപ്പോഴും വാഹനങ്ങൾ കടത്തിവിടുന്നത്. കുതിരാൻ വഴുക്കുംപാറയിൽ തൃശൂർ ലൈനിൽ പാത ഇടിഞ്ഞത് ആറുമാസം മുമ്പായിരുന്നു. എന്നാൽ, ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പുനർനിർമാണം നടത്തി വാഹനങ്ങൾ കടത്തിവിടാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. തൃശൂരിലേക്കുള്ള വാഹനങ്ങളെല്ലാം പാലക്കാട് ലൈനിലൂടെയാണ് ഇപ്പോഴും കടത്തിവിടുന്നത്. ഈ ഭാഗത്ത് പാലക്കാട് ലൈനും അപകടത്തിലാണ്.
കൊമ്പഴ മമ്മദ് പടിയിൽ 150 മീറ്ററോളം ദൂരം മൂന്നു വരി പാതക്ക് പകരം രണ്ടുവരി പാതയേ ഇപ്പോഴും ഉള്ളൂ. മൂന്നു വരി പാതക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരു വരിയുടെ നിർമാണം ഇപ്പോഴും നടത്തിയിട്ടില്ല. ഇതിനാൽ തുരങ്കപാത കടന്ന് മൂന്ന് വരിയിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ രണ്ട് വരി പാത കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടും. ഇത് അപകടങ്ങൾക്ക് കാരണമാവുകയാണ്. ജില്ല അതിർത്തിയായ വാണിയംപാറ ജങ്ഷനിലാണ് മറ്റൊരു അപകടക്കെണി.
ഇവിടെയുള്ള യു ടേണാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്. മുന്നറിയിപ്പ് ലൈറ്റുകൾ പോലും ഇവിടെയില്ല. അണ്ടർ പാസും സർവിസ് റോഡുകളും ആവശ്യമായ ഇവിടെ ഞാണിന്മേൽ കളി പോലെയാണ് വാഹനങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.