വടക്കഞ്ചേരി: കാരപ്പാടത്ത് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂലംകോട് കാരപ്പാടത്ത് ശ്രീജിത്താണ് (33) അറസ്റ്റിലായത്. വടക്കഞ്ചേരി സി.ഐ വി.ടി. ഷാജെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂൺ 18ന് വൈകീട്ട് 3.30ഒാടെയാണ് ശ്രുതി താമസിക്കുന്ന വീട്ടിൽ വെച്ച് പൊള്ളലേറ്റത്. സംഭവ സമയത്ത് ഭർത്താവ് ശ്രീജിത്തും എട്ടും നാലും വയസ്സായ രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പൊള്ളലേറ്റ ശ്രുതിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
90 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ ശ്രുതി 21ന് രാവിലെ മരിച്ചു. സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് മാതാപിതാക്കൾ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്ക് പതിവായിരുന്നെന്നും പൊലീസിന് ബോധ്യപ്പെട്ടത്. ശ്രീജിത്തിെൻറ പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള തർക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. എല്ലാ ആരോപണങ്ങളിലും വിശദ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.