വടക്കഞ്ചേരി: നാല് പതിറ്റാണ്ട് മുമ്പാണ് കമ്യൂണിസ്റ്റ് നേതാവായ സി.ടി. കൃഷ്ണൻ ആലത്തൂർ നിയോജക മണ്ഡലത്തിൽനിന്ന് ആദ്യമായി വിജയിച്ച് നിയമസഭയിലെത്തിയത്. 1980ലായിരുന്നു ആദ്യമത്സരം. അന്ന് കിഴക്കഞ്ചേരിക്കാരനായ തന്നെ സൂക്ഷിക്കണമെന്നും അപകടമാണെന്നും, മണ്ഡലത്തിൽ എതിരാളികൾ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നതായി കൃഷ്ണൻ ഒാർക്കുന്നു. ആ കാലത്ത് കിഴക്കഞ്ചേരി ഭാഗത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾ ഇടക്കിടെ ഉണ്ടാകുന്ന കാലമായിരുന്നു. അതുവെച്ചാണ് അന്നാട്ടുകാരനായ തന്നെക്കുറിച്ച് അവർ കുപ്രചാരണം അഴിച്ചുവിട്ടതെന്നും സി.ടി പറയുന്നു.
1980കൾ വരെ മെഗാഫോൺ ഉപയോഗിച്ചായിരുന്നു വോട്ടഭ്യർഥന. സ്ഥാനാർഥിക്ക് സഞ്ചരിക്കാനും വിളിച്ചുപറയാനും ഒരേ വാഹനമായിരുന്നു. വൈകുന്നേരങ്ങളിൽ ഗ്രാമങ്ങൾ തോറും മെഗാഫോണുമായി പാർട്ടി പ്രവർത്തകർ ഇറങ്ങും. അതിലൂടെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പറഞ്ഞ് വോട്ടഭ്യർഥിക്കും. അതോടൊപ്പം സ്ഥാനാർഥിയുടെ പേര് ചേർത്തി ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയുള്ള പാട്ട് പാടിയും വോട്ട് തേടും. അരി തരാം കൂട്ടരേ...പണിതരാം കൂട്ടരേ... അരിവാളും കതിരുമാണ് എെൻറ ചിഹ്നം... എന്നു തുടങ്ങുന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗാനം പാടിയതും സി.ടി ഓർക്കുന്നു.
പൊതുയോഗങ്ങൾ ചേരുമ്പോഴും അവസാനിക്കുമ്പോഴും രാഷ്ട്രീയ ഗാനാലാപനമുണ്ടായിരുന്നു. പ്രചാരണത്തിന് ചുണ്ണാമ്പും പഞ്ചസാരയും തുരിശും ചേർത്ത് ചൂടാക്കിയ മിശ്രിതം കൊണ്ട് പനയുടെ തണ്ട് ചതച്ച് ബ്രഷ് പോലെയാക്കിയാണ് ചുവരെഴുത്ത് നടത്തിയിരുന്നത്. റോഡിലും പാറകളിലും എഴുതും. ഏറ്റവും ഉയരത്തിലുള്ള മലമുകളിലെ പാറപ്പുറത്ത് എഴുതുമ്പോൾ മാസങ്ങളോളം അത് മായാതെ നിൽക്കും. മഷിഗുളിക കലക്കിയാണ് പോസ്റ്ററുകൾ എഴുതിയിരുന്നത്. ഇന്നത്തെ കുടുംബയോഗങ്ങൾ പോലെ ചെറിയ പൊതുയോഗങ്ങളും പ്രചാരണത്തിെൻറ ഭാഗമായി നടത്തും.
1980ലും 1982ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലാണ് സി.ടി. കൃഷ്ണൻ ആലത്തൂരിൽ മത്സരിച്ചിരുന്നത്. രണ്ടിലും വിജയിച്ചു. 1987ൽ കൊല്ലങ്കോട്ടേക്ക് മാറി. ആകെ 11 വർഷം നിയമസഭാംഗമായി. അന്നത്തെ രീതികളിൽ നിന്ന് എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളതെന്ന് സി.ടി. കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.