പന്നിയങ്കരയിലെ അമിത ടോള്‍ സമവായത്തിന് സാധ്യത തെളിയുന്നു

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ ബൂത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത ടോള്‍ നിരക്ക് സംബന്ധിച്ച വിഷയത്തില്‍ താൽക്കാലിക തീരുമാനത്തിന് സാധ്യത തെളിഞ്ഞു. ഞായറാഴ്ചയോടെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകളും തൊഴിലാളികളും യാത്രക്കാരും. ട്രിപ് കണക്കാക്കാതെ മാസത്തില്‍ ഓരോ ബസുകളും 10,540 രൂപ ടോള്‍ കൊടുക്കാന്‍ തയാറാണെന്ന് ടോള്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന തുകക്ക് ടോള്‍ കമ്പനി ഇനിയും വഴങ്ങാതിരിക്കില്ലെന്ന വിലയിരുത്തലാണ് ഉള്ളത്.

അതേസമയം, പന്നിയങ്കരയിലെ ടോള്‍ കൊള്ളക്കെതിരെ ബസുടമ- തൊഴിലാളി സംയുക്ത സമരസമിതി വെള്ളിയാഴ്ച നടത്തിയ ബസ് പണിമുടക്ക് വലിയ വിജയമായിരുന്നെന്ന് നേതാക്കള്‍ അറിയിച്ചു.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്വകാര്യ ബസുകളാണ് പണിമുടക്കിയത്. ചില പ്രദേശങ്ങളിലൊഴികെ പണിമുടക്ക് പൂര്‍ണമാണെന്ന് സമിതി ഭാരവാഹിയായ ബിബിന്‍ ആലപ്പാട്ട്, ജോസ് കുഴുപ്പില്‍, കെ. അശോക് കുമാര്‍ എന്നിവര്‍ പറഞ്ഞു. ഈ മാസം 30നുള്ളില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ടോള്‍ നിരക്ക് കുറച്ചില്ലെങ്കില്‍ മേയ് ഒന്ന് മുതല്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. അതുവരെ റിലേ നിരാഹാര സമരം തുടരും. വെള്ളിയാഴ്ച ടോള്‍ പ്ലാസക്കു മുന്നില്‍ ബസ് ജീവനക്കാര്‍ പ്രകോപിതരാകുന്ന സ്ഥിതിയുണ്ടായി. നേതാക്കള്‍ ഇടപെട്ട് പിന്നീട് പ്രശ്നങ്ങള്‍ ഒഴിവാക്കുകയായിരുന്നു. മൂന്നാഴ്ചയായി ബസുകള്‍ ഓടാതെ ഉടമകളും തൊഴിലാളികളും പട്ടിണിയുടെ വക്കിലാണ്. ഭീമമായ തുക ടോള്‍ കൊടുക്കാമെന്നറിയിച്ചിട്ടും ടോള്‍ കമ്പനി വഴങ്ങാത്തതാണ് തൊഴിലാളികളെ പ്രകോപിപ്പിക്കുന്നത്. എം.എല്‍.എമാരോ, എം.പിമാരോ വിഷയത്തില്‍ വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Tags:    
News Summary - Excessive toll The possibility of consensus is evident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.