വടക്കഞ്ചേരി: സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. വില കിലോഗ്രാമിന് 23 രൂപയിലെത്തി. അഞ്ച് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞവർഷം ഈ സമയത്ത് 27 രൂപയുണ്ടായിരുന്നു.
ഉൽപാദനച്ചെലവെങ്കിലും കർഷകന് കിട്ടാൻ 35 രൂപ വേണം. സർക്കാരിന്റെ സംഭരണ നടപടികൾ കർഷകന് ഗുണകരമായില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് പൊതുവിപണിയിൽ വില കുത്തനെ ഇടിഞ്ഞത്. സംസ്ഥാനത്ത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) 77 കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരണം നടത്തുന്നുണ്ട്.
കിലോഗ്രാമിന് 34 രൂപ നിരക്കിലാണ് സംഭരണം. കഴിഞ്ഞവർഷവും വി.എഫ്.പി.സി.കെ സർക്കാർ നിർദേശപ്രകാരം പച്ചത്തേങ്ങ സംഭരിച്ച് കേരഫെഡിനു കൈമാറിയിരുന്നു. 10,000 ടൺ തേങ്ങയാണ് കർഷകരിൽനിന്ന് സംഭരിച്ചത്. ഇത്തവണയും സംഭരണം തുടരും. ആഴ്ചയിൽ രണ്ട് ദിവസമാണ് കർഷകരിൽനിന്ന് സംഭരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ മാത്രം ഏപ്രിൽ ഒന്നുമുതൽ മേയ് 25 വരെ 921 ടൺ സംഭരിച്ചിട്ടുണ്ട്. ഓരോ തെങ്ങിൽനിന്ന് 70 പച്ചത്തേങ്ങ വീതം ആറ് തവണകളായി ഓരോ കർഷകനിൽനിന്നും 4200 പച്ചത്തേങ്ങയാണ് ഒരുവർഷം വി.എഫ്.പി.സി.കെ സംഭരിക്കുന്നത്. സഹകരണ സംഘങ്ങളും പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. എന്നാൽ പണം ലഭിക്കാൻ കർഷകർക്ക് താമസം നേരിടുന്നുണ്ട്. കഴിഞ്ഞവർഷം സംഭരിച്ച വിത്തുതേങ്ങയുടെ പണം ഇനിയും കർഷകർക്ക് ലഭിച്ചിട്ടില്ല.
ഇതു ലക്ഷങ്ങൾ വരും. അടിയന്തരമായി സർക്കാർ ഇടപെടലില്ലെങ്കിൽ സ്ഥിതികഗതികൾ ഗുരുതരമാകുമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.