വടക്കഞ്ചേരി: ഭക്ഷ്യവിഷബാധയെ തുടർന്ന് കിഴക്കഞ്ചേരി പാണ്ടാംകോട്ടിൽ നാല് പശുക്കൾ ചത്തു. പാണ്ടാംകോട് അശോകന്റെ പശുക്കളാണ് ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച രാവിലെയുമായി ചത്തത്. പശുക്കളെ മേയാൻ വിട്ടതിന് ശേഷം തിരികെ എത്തിച്ചപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നീട് മൃഗഡോക്ടർ എത്തി പരിശോധന നടത്തി മരുന്ന് കൊടുത്തെങ്കിലും രക്ഷിക്കാനായില്ല.
ചത്ത പശുക്കളിൽ മൂന്നെണ്ണം അഞ്ച്, ഏഴ്, ഒമ്പത് മാസം ഗർഭിണിയാണ്. മറ്റൊന്ന് പ്രസവിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ക്ഷീരകർഷകനായ അശോകനും ഭാര്യക്കും എക ആശ്രയമായിരുന്നു പശുക്കൾ. പ്രതിദിനം 30 ലിറ്റർ പാൽ വരെ സൊസൈറ്റിയിൽ നൽകിയിരുന്നു. പിന്നോക്ക വിഭാഗ കോർപറേഷനിൽനിന്ന് മൂന്ന് ലക്ഷം രൂപ ലോണെടുത്താണ് പശുക്കളെ വാങ്ങിയത്.
ചത്ത പശുക്കളെ പോസ്റ്റ്മോർട്ടത്തിന് ശേഷം സമീപത്തെ പറമ്പിൽ സംസ്കരിച്ചു. കൂടുതൽ പരിശോധനക്കായി ആന്തരികാവയവങ്ങൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ആലത്തൂർ വെറ്ററിനറി പോളിക്ലിനിക് സീനിയർ വെറ്ററിനറി സർജൻ ഡോ. സി.യു. സജിത്ത്കുമാർ, കിഴക്കഞ്ചേരി വെറ്ററിനറി സർജൻ ഡോ. ശ്രീജിഷ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് പശുക്കളെ ചികിത്സിക്കാനും പോസ്റ്റുമോർട്ടത്തിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.