വടക്കഞ്ചേരി: ഇഞ്ചി വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പു നടത്താൻ തമിഴ്നാട്ടിൽനിന്നുള്ള കരാർ തൊഴിലാളി സംഘങ്ങളും സജീവം. ഇഞ്ചി പാകമായി തണ്ട് ഉണങ്ങിയതിനാൽ വിളവെടുപ്പ് സജീവമായി. വാരങ്ങളിലെ തണ്ട് മോട്ടോർ ഉപയോഗിച്ചും സ്ത്രീ തൊഴിലാളികളെ കൊണ്ട് വെട്ടിമാറ്റിയും വാരങ്ങൾ വൃത്തിയാക്കിയാണ് വിളവെടുപ്പ് ആരംഭിച്ചത്. പ്രാദേശിക തൊഴിലാളികളും തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളി സംഘങ്ങളും വിളവെടുപ്പിനുണ്ട്.
പ്രാദേശിക തൊഴിലാളികൾ ദിവസക്കൂലി ഇനത്തിലാണ് വിളവെടുത്തു കൊടുക്കുന്നത്. എന്നാൽ, ഇത്തവണ പതിവിൽനിന്ന് വിപരീതമായി കരാറടിസ്ഥാനത്തിൽ വിളവെടുക്കാ ഗോവിന്ദാപുരം, പൊള്ളാച്ചി ഭാഗങ്ങളിൽനിന്ന് സ്ത്രീ- പുരുഷന്മാരടങ്ങുന്ന സംഘം ഇഞ്ചി കൃഷി പാടങ്ങളിൽ എത്തിത്തുടങ്ങി. ഇവരുടെ കരാർ പ്രകാരം കിളച്ച് വേരും മണ്ണും കളഞ്ഞ ഒരു ചാക്ക് ഇഞ്ചി 200 രൂപ നിരക്കിലാണ് വിളവെടുത്തു നൽകുന്നത്. ഇഞ്ചി കൃഷി സ്ഥലത്തുതന്നെ താമസിച്ച് വിളവെടുത്ത നൽകുകയാണ് ഇവരുടെ രീതി.
തമിഴ്നാട് കരാർ തൊഴിലാളികളുടെ തൊഴിൽ രീതി ഏറെ സഹായകരമാണെന്ന് ഇഞ്ചി കർഷകർ പറയുന്നു. ഇഞ്ചി കൃഷി നടത്താൻ നെൽപാടം ഏക്കറിന് 40,000 മുതൽ 50,000 രൂപ വരെ പാട്ടം നൽകിയാണ് പാട്ടത്തിന് എടുത്തിരിക്കുന്നത്. മഴ നീണ്ടുനിന്നതിനാൽ ചെറിയതോതിൽ ഇഞ്ചിക്ക് അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും സാമാന്യം ഭേദപ്പെട്ട വിളവ് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. ഏക്കറിന് 200നും 275നും ഇടയിൽ ചാക്ക് പച്ച ഇഞ്ചി വിളവ് ലഭിക്കുന്നുമുണ്ട്.
വിളവെടുപ്പ് സജീവമായതോടെ പച്ച ഇഞ്ചി വില 20 രൂപയിൽ താഴെയായി. പച്ച ഇഞ്ചി വാങ്ങി ചുക്ക് ആക്കി മാറ്റുന്ന വ്യാപാരികൾ ഈ വർഷം മേഖലയിൽ സജീവമല്ലാത്തതിനാൽ പച്ച ഇഞ്ചി ആയി നേരിട്ട് വിൽപനക്ക് കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. ഇഞ്ചി വാങ്ങാൻ വ്യാപാരികൾ എത്താത്തതിനാൽ ഇഞ്ചി കിളച്ച സ്ഥലത്തുതന്നെ ചുരണ്ടി ഉണക്കി ചുക്ക് ആക്കി മാറ്റാനാണ് കർഷകരുടെ തീരുമാനം.
ചുക്ക് ആക്കി മാറ്റാൻ കിളച്ച ഇഞ്ചി തൊലി ചുരണ്ടുന്നതിന് ഒരു ചാക്കിന് 80 രൂപയായി സ്ത്രീ തൊഴിലാളികളുടെ കൂലി വർധിച്ചിട്ടുണ്ട്. ചുരണ്ടിയ ഇഞ്ചി ദിവസങ്ങളോളം ഉണക്കി കഴുകിയെടുത്ത് മണ്ണും മാലിന്യവും മാറ്റിയാലേ വിപണിയിൽ ഉയർന്ന വില ലഭിക്കുകയുള്ളൂ. വിളവെടുപ്പ് സജീവമായതോടെ ചുക്ക് വിലയും 120 രൂപയിലും താഴ്ന്നു തുടങ്ങിയതായി കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.