വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരുടെ തെറ്റായ തീരുമാനം കാരണം ടൗണിൽ അജൈവ മാലിന്യം കുമിയുന്നു. യഥാസമയം നീക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികൾ.
ചെറുകിട ഹോട്ടലുടമകളാണ് ദുരിതം പേറുന്നവരിൽ അധികവും. മാസത്തിൽ ഒരു ദിവസം മാത്രം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം എടുക്കാനാകൂ എന്ന പഞ്ചായത്തിന്റെ നിലപാടിനെതിരെയാണ് വ്യാപാരികൾ രംഗത്തുവന്നത്. ഈ തീരുമാനം മഴക്കാലമായതിനാൽ അപ്രായോഗികവും പകർച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. പാൽ കവറുകൾ ഉൾപ്പെടെ ഒരു മാസം സൂക്ഷിച്ചു വെക്കണമെങ്കിൽ മറ്റൊരു മുറികൂടി വാടകക്ക് എടുക്കേണ്ടി വരും.
പാൽ കവറുകൾ എത്ര കഴുകി വൃത്തിയാക്കിയാലും അതിൽ പാലിന്റെ അംശം ഉണ്ടാകും. ഇത് പുഴു നിറയാനും ദുർഗന്ധത്തിനും ഈച്ച പെരുകാന്നും കാരണമാകും. മിക്ക ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങൾ ആയതിനാൽ കഴുകി ഉണക്കിയ പാൽക്കവറുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ മഴയത്ത് വീണ്ടും നനയുകയും ചെയ്യുന്നു. അജൈവ മാലിന്യം കൂട്ടിയിട്ടാൽ അതിൽ വെള്ളം നിന്ന് കൊതുകും കൂത്താടിയും നിറയുകയും രോഗങ്ങൾ പടരുകയും ചെയ്യും. കടകളിൽ പ്ലാസ്റ്റിക് മാലിന്യം കിടന്നാൽ ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യവകുപ്പും പിഴ ചുമത്തി ബുദ്ധിമുട്ടിക്കുമെന്നും വ്യാപാരികൾ പറയുന്നു. അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ വേണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാക്കളായ പി. ജി. ഗോപിനാഥ്, എ. അബ്ദുൽ നാസർ, എ. സലിം എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.