വടക്കാഞ്ചേരി: നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ വ്യാഴാഴ്ച മുതൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തും. തൃശൂരിലേക്ക് പോകുന്ന ബസുകൾ പഴയ സംസ്ഥാന പാതയിലൂടെ വന്ന് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന്റെ പിന്നിൽ നിർത്തി യാത്രക്കാരെ ഇറക്കി ഗസ്റ്റ് ഹൗസ് ലിങ്ക് റോഡ് വഴി പുതിയ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കണം.
വടക്കാഞ്ചേരി, ഓട്ടുപാറ ബസ് സ്റ്റാൻഡുകൾക്കിടയിൽ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഷൊർണൂർ, ചേലക്കര, കുന്നംകുളം, വരവൂർ ഭാഗത്തേക്കുള്ള സ്റ്റോപ്പ് വടക്കാഞ്ചേരി പൂരകമ്മിറ്റി ഓഫിസിന് മുന്നിലേക്ക് മാറ്റി. അവിടെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം.
ഷൊർണൂർ, ചേലക്കര ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഓട്ടുപാറ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ ഓട്ടുപാറ ബസ് സ്റ്റാൻഡിന് മുന്നിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. സംസ്ഥാന പാതയിലെ കുറാഞ്ചേരിയിൽ നിർമിച്ച ബസ് സ്റ്റോപ്പിന് മുന്നിൽ മാത്രം ബസ് നിർത്തി തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റണം. അത്താണി ജങ്ഷനിൽ വടക്കാഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ പുതിയതായി പണി കഴിപ്പിച്ച ബസ് സ്റ്റോപ്പിൽ മുന്നിൽ മാത്രം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം. തൃശൂർ ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് നാരായണ ടവറിന് മുന്നിലേക്ക് മാറ്റിയിട്ടുള്ളതാണ്. സംസ്ഥാന പാതയിൽ വടക്കാഞ്ചേരി ജില്ല ആശുപത്രി ജങ്ഷൻ മുതൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് വരെ റോഡരികിൽ പാർക്കിങ് അനുവദിക്കില്ല. കർശന പരിശോധന ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.