വടക്കഞ്ചേരി: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം ആമക്കുളത്ത് ഒന്നര കോടി വില വരുന്ന 191.5 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പാലക്കാട് എലപ്പുള്ളി സ്വദേശി ശിവകുമാർ (45), പട്ടാമ്പി കൂടല്ലൂർ സ്വദേശി രാജേഷ് (41), തൃശൂർ നെടുപുഴ സ്വദേശി അമർജിത്ത് (28), തൃശൂർ വടൂക്കര സ്വദേശി ഷെറിൻ (34) എന്നിവരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.
ആന്ധ്രയിൽനിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്നു കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി. എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലവൻ സി.ഐ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ 11ഓടെ പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വേലന്താവളം വഴി അതിർത്തി കടന്നത് മുതൽ നിരീക്ഷണത്തിലായിരുന്നു ഇവർ.
ആന്ധ്രയിൽനിന്നുള്ള ടാക്സി കാറിൽ പ്രതികളിലൊരാളായ ശിവകുമാർ മുന്നിൽ സഞ്ചരിച്ച് കഞ്ചാവുമായി വരുന്ന വാഹനത്തിന്റെ ദിശ നിയന്ത്രിക്കുകയായിരുന്നു. കഞ്ചാവുണ്ടായിരുന്ന സൈലോ കാർ പിടിയിലായതറിയാതെ ഫോണിലൂടെ വഴി പറഞ്ഞ് നൽകിയിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
ആന്ധ്രയിലെ നക്സൽ മേഖലയിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് വടക്കഞ്ചേരി റോയൽ ജങ്ഷനിൽ മാങ്ങലോറിയിൽ 150 കിലോയോളം കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശിവകുമാർ.
കഞ്ചാവും കാറും പ്രതികളെയും ആലത്തൂർ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് തലവൻ ടി. അനികുമാറിന് പുറമെ സി.ഐ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്കുമാർ, ടി.ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, പ്രിവന്റിവ് ഓഫിസർ പ്രജോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദാലി, സുബിൻ, രാജേഷ്, ഷംനാദ്, ബസന്ത്, അരുൺകുമാർ, രാജീവ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.