വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കുമുള്ള സൗജന്യയാത്ര ജൂലൈ ഒന്നുമുതൽ നിർത്തലാക്കുമെന്ന ടോൾ കമ്പനിയുടെ തീരുമാനത്തിനെതിരെ ജനകീയ സമരം ശക്തമാവുന്നു. ദേശീയപാത വികസനത്തിന് കുറഞ്ഞവിലക്ക് ഭൂമി വിട്ടുനൽകിയവർക്ക് അന്ന് വാഗ്ദാനം ചെയ്ത സൗജന്യ പാസ് നൽകുന്നതിനുപകരം പ്രതിമാസം 340 രൂപയുടെ പാസ് എടുക്കണമെന്നാണ് ടോൾ കമ്പനിയുടെ അറിയിപ്പ്. 2022 മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചത് മുതൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് തൃശൂർ-പാലക്കാട് ജില്ലകളിലെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ ആറ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സൗജന്യം നിലവിലുണ്ട്.
വടക്കഞ്ചേരി-വാണിയമ്പാറ 15 കിലോമീറ്റർ സർവിസ് റോഡ് നിർമാണം പൂർത്തിയാക്കിയിട്ടില്ല. ദേശീയപാതക്ക് സമീപം താമസിക്കുന്നവർക്ക് ദേശീയപാതയുടെ എതിർവശത്തെ കൃഷിയിടത്തിലേക്കോ വീട്ടിലേക്കോ പോകാൻ യു ടേൺ ലഭിക്കുന്നിടത്തേക്കും തിരിച്ചുമായി നാലുകിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുന്നു. സർവിസ് റോഡുകളെ ബന്ധിപ്പിച്ച് അടിപ്പാതകളോ മേൽപ്പാതകളോ നിർമിച്ചിട്ടില്ല. വടക്കഞ്ചേരി ടി.വി ജങ്ഷനിൽനിന്ന് കണ്ണബ്ര റോഡിലേക്കുള്ള അടിപ്പാത കോൺക്രീറ്റ് ചെയ്ത് പൊക്കം കുറച്ച് ചെറുവാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒരു കിലോമീറ്റർ അധികം ചുറ്റേണ്ട അവസ്ഥയാണ്. അടിപ്പാതയും സർവിസ് റോഡും ഇല്ലാത്തതിനാൽ മംഗലം-ഗോവിന്ദപുരം സംസ്ഥാന പാതയിലേക്ക് ദേശീയപാതയിൽനിന്ന് പ്രവേശിക്കാൻ നിലവിൽ രണ്ടുകിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. നേരത്തെ ഈ പ്രദേശത്ത് വാഹനങ്ങൾക്ക് പോകാനുണ്ടായിരുന്ന സൗകര്യം ഇരുമ്പ് തൂണുകൾ കൊണ്ട് കെട്ടിയടച്ചിരിക്കുകയാണ്.
ദേശീയപാതയിൽ ചെറുറോഡുകൾ ചേരുന്ന ഭാഗത്ത് സർവിസ് റോഡ് ഇല്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പട്ടിക്കാട്, മണ്ണുത്തി, വടക്കഞ്ചേരി എന്നിവിടങ്ങളിലെ അഴുക്കുചാൽ നിർമാണവും പൂർത്തിയാക്കിട്ടില്ല. മുല്ലക്കര, കൊമ്പഴ എന്നിവിടങ്ങളിലെ ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമാണവും പൂർത്തിയായിട്ടില്ല. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്ത് ടാറിങ് പലയിടങ്ങളിലും തകർന്നിട്ടുമുണ്ട്. വാണിയമ്പാറ, മുളയം റോഡ് ജങ്ഷൻ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ അടിപ്പാത പൂർത്തിയാക്കിയിട്ടില്ല. അഴുക്കുചാൽ നിർമാണവും ശാസ്ത്രീയമല്ല. പല ഭാഗങ്ങളിലും അഴുക്കുചാൽ ഇല്ല. ബസ് ബേകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൂർത്തീകരിച്ചിട്ടില്ല. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ദേശീയപാതക്കായി മണ്ണെടുത്ത സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടുകയോ ദേശീയ പാതയിൽനിന്ന് പ്രവേശിക്കാൻ വഴികൾ നിർമിച്ച് നൽകുകയോ ചെയ്തിട്ടില്ല.
റോഡിലെ കുഴിയടച്ചാലും നൂറുമീറ്റർ ദൂരം സർവിസ് റോഡ് പണിതാലും യാത്രാസൗകര്യം വർധിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ടോൾ നിരക്ക് കൂട്ടുകയാണ് കരാർ കമ്പനി ചെയ്യുന്നത്. പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാൻ താൽപര്യമില്ലെന്നും എന്നാൽ ദേശീയ ഹൈവേ അതോറിറ്റിയാണ് ടോൾ പിരിക്കാൻ നിർബന്ധിക്കുന്നതെന്നുമാണ് ടോൾ കമ്പനി അധികൃതരുടെ വിശദീകരണം.
വടക്കഞ്ചേരി: പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതി നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. സമാപന സമ്മേളനം വടക്കഞ്ചേരിയിൽ നടന്നു. ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധ സമ്മേളനം നടക്കും. യോഗത്തിൽ ജനകീയവേദി രക്ഷാധികാരി ഡോ. കെ. വാസുദേവൻ പിള്ള, ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, പന്തലംപാടം ജനകീയ കൂട്ടായ്മ ഭാരവാഹി വി. ഗംഗാധരൻ, സ്കൂൾ ബസ് അസോസിയേഷൻ പ്രസിഡന്റ് സാജൻ മാത്യു, കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂനിറ്റ് പ്രസിഡന്റ് സി.കെ. അച്യുതൻ, സെക്രട്ടറി സതീഷ് ചാക്കോ, ജനകീയവേദി കൺവീനർ ഷിബു ജോൺ എന്നിവർ സംസാരിച്ചു.
പ്രതിഷേധ സമരം ഇന്ന്
വടക്കഞ്ചേരി: പന്നിയങ്കര ടോൾ ബൂത്തിൽ വടക്കഞ്ചേരി ജനകീയ വേദിയും കേരള വ്യാപാരി സംരക്ഷണ സമിതിയും സംയുക്തമായി ചൊവ്വാഴ്ച പ്രതിഷേധ സമരം നടത്തും. ടോൾ പിരിവ് തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ നാലുതവണയാണ് തുക വർധിപ്പിച്ചത്. മറ്റൊരിടത്തും ഇത്തരത്തിൽ വർധനവുണ്ടായിട്ടില്ല. കമ്പനി ധാർഷ്ട്യ നിലപാടാണ് സ്വീകരിക്കുന്നത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ 362 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇന്നുവരേ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ല. നിയമം അനുശാസിക്കുന്ന നിർമാണം നടത്താത്ത കമ്പനിയാണിതെന്നാണ് ആരോപണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായ കമ്പനിക്കെതിരെ സമരം ശക്തമാക്കുമെന്ന് ജനകീയവേദിയും കേരള വ്യാപാരി സംരക്ഷണ സമിതിയും അറിയിച്ചു.
ചർച്ചയിലൂടെ പരിഹാരം കാണണം’ - യു. മുഹമ്മദ് ഷെരീഫ് (വെൽഫെയർ പാർട്ടി തരൂർ മണ്ഡലം പ്രസിഡന്റ്)
ടോൾ പ്ലാസയുടെ നിശ്ചിത ദൂരപരിധിയിലുള്ളവർക്ക് സൗജന്യപാസ് വ്യവസ്ഥ നിയമാനുസൃതമുള്ളതാണ്. എം.എൽ.എ, എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളെയും ജനകീയവേദിയുടെ പ്രധിനിധികളെയും ഉൾപ്പെടുത്തി ചർച്ച ചെയ്ത് ശാശ്വത പരിഹാരം കാണണം.
‘സൗജന്യ പാസ് നൽകണം’ - ബോബൻ ജോർജ് (വടക്കഞ്ചേരി ജനകീയവേദി ചെയർമാൻ)
പ്രദേശവാസികളുടെ യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന വിലക്കുമായി കരാർ കമ്പനി രംഗത്തുവന്നാൽ നേരിടും. മറ്റു ടോൾ സ്ഥലങ്ങളിലുള്ളതുപോലെ പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകി പ്രശ്നത്തിന് പരിഹാരം കാണണം.
‘കമ്പനി വികസനത്തിന് വിലങ്ങുതടി’ - സി.കെ. അച്യുതൻ (പ്രസിഡന്റ്, കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂനിറ്റ്)
വടക്കഞ്ചേരിയുടെ വികസനത്തിന് വിലങ്ങു തടിയാണ് ഈ കമ്പനി എന്നുപറയാതെ വയ്യ. വർധിപ്പിക്കുന്ന ടോൾ കൊടുത്ത് ടോളിന് അപ്പുറമുള്ളവർ വടക്കഞ്ചേരിയിൽ വരാൻ മടിക്കുകയാണ്. ഇതിന് അറുതിവരുത്താൻ കൂടിയാണ് ഈ ധർമസമരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.