വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നത് സംബന്ധിച്ച് കരാർ കമ്പനി അധികൃതരുമായി തിരുവനന്തപുരത്ത് മന്ത്രിതലസംഘം നടത്തിയ ചർച്ച പരാജയം. പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന് ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി. പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിമാരും എം.എൽ.എമാരും കമ്പനി അധികൃതരെ അറിയിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരും. ഏകപക്ഷീയമായി ടോൾ പിരിച്ചാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് പി.പി. സുമോദ് എം.എൽ.എ പറഞ്ഞു.
രണ്ടര വർഷം മുമ്പ് ആരംഭിച്ച ടോൾ പിരിവിൽനിന്ന് പ്രദേശത്തെ ആറു പഞ്ചായത്തുകളെ ഒഴിവാക്കിയിരുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളെയും തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോൾപിരിവിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, പ്രദേശവാസികളിൽനിന്ന് ഇടക്കിടെ ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ പറയുന്നതിനെ തുടർന്ന് പ്രതിഷേധം വ്യാപകമായിരുന്നു.
പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പി.പി. സുമോദ് എം.എൽ.എ ഇടപെട്ട് യോഗം വിളിക്കാൻ തീരുമാനിച്ചത്. ടോൾ പിരിക്കുന്നതിൽനിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ കഴിയില്ലെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. വേണമെങ്കിൽ പ്രതിമാസം 340 എന്നത് 300 രൂപയാക്കി കുറക്കാമെന്ന് അറിയിച്ചെങ്കിലും സൗജന്യ യാത്ര വേണമെന്ന നിലപാടിൽ മന്ത്രിമാരും എം.എൽ.എമാരും ഉറച്ചുനിന്നതോടെ ചർച്ച അലസുകയായിരുന്നു.
നിയമസഭ ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, ഡോ. ആർ. ബിന്ദു, എം.എൽ.എമാരായ പി.പി. സുമോദ്, കെ.ഡി. പ്രസേനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സി സുരേഷ്, കവിത മാധവൻ, കെ.എൽ. രമേഷ്, എം. സുമതി, ഐ. ഹസീന, ദേശീയപാത അതോറിറ്റി അധികൃതർ, ടോൾ കമ്പനി അധികൃതർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.