വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ജൂലൈ ഒന്നു മുതൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാൻ വീണ്ടും നീക്കം. കരാർ കമ്പനി ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി സംഘടനകൾ. ജന പ്രതിനിധികളോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പ്രദേശത്തെ സ്കൂൾ വാഹനങ്ങളുടെ സൗജന്യ യാത്രയും അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. ദേശീയപാത 566ന്റെ നിർമാണത്തിനു ചുരുങ്ങിയ വിലയ്ക്കു സ്ഥലം വിട്ടുകൊടുത്തവരും ത്യാഗം സഹിച്ചവരുമായ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിഷേധിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർവിസ് റോഡ് ഉൾപ്പെടെയുള്ള നിർമാണങ്ങൾ നടത്താത്ത കമ്പനിയാണു ജനങ്ങളെ പിഴിയാൻ ശ്രമിക്കുന്നത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കരുതെന്ന് നേരത്തെ തീരുമാനം എടുത്തതാണ്. മുൻ തീരുമാനം കമ്പനി അട്ടിമറിച്ചാൽ സ്കൂൾ ബസ് ഉൾപ്പെടെ പ്രദേശവാസികളെ ഒരുമിച്ചുനിർത്തി സമര രംഗത്തിറങ്ങാനുള്ള ആലോചനയിലാണെന്ന് വടക്കഞ്ചേരി ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് പറഞ്ഞു.
മേയ് അവസാനം സ്കൂൾ ബസുകൾക്കും ടോൾ പിരിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പി.പി. സുമോദ് എം.എൽ.എ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി ടോൾ പിരിക്കില്ലെന്നു തീരുമാനിച്ചിരുന്നു. ഇതു മറികടന്നാണ് ടോൾ കമ്പനി പുതിയ അറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
വടക്കഞ്ചേരി: പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ ജൂലൈ ഒന്നു മുതൽ പ്രദേശവാസികളുടെ സൗജന്യ പാസ് നിർത്തലാക്കി ടോൾ പിരിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. സൗജന്യയാത്ര അനുവദിച്ചിരുന്ന വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങൾ ജൂലൈ ഒന്ന് മുതൽ മാസപാസ് എടുക്കണമെന്നും ഇല്ലെങ്കിൽ ടോൾ ഈടാക്കുമെന്നുമാണു കമ്പനി അറിയിപ്പ്. അശാസ്ത്രീയമായ ഡിവൈഡറുകൾ സ്ഥാപിച്ച് റോഡിന് എതിർവശത്തെ വീട്ടിലേക്കോ കൃഷിയിടത്തിലേക്കോ പോകണമെങ്കിൽ പോലും പ്രദേശവാസികൾക്ക് ഒന്നും രണ്ടും കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയുള്ളപ്പോഴാണ് പാസ് എടുക്കാൻ നിർബന്ധിക്കുന്നത്. ആവശ്യത്തിന് അടിപ്പാതകളോ സർവിസ് റോഡുകളോ പോലും മിക്കയിടത്തും കമ്പനി സ്ഥാപിച്ചു നൽകിയിട്ടില്ല.
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് അനുവദിച്ച സൗജന്യം തുടരണം. ജനപ്രതിനിധികളെ പോലും അറിയിക്കാതെ ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് കമ്പനി പിന്മാറിയില്ലെങ്കിൽ ശക്തമായ സമരം നടത്തും. പ്രദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും.
വടക്കഞ്ചേരി-മണ്ണുത്തി പാതയിൽ നിർമാണ കമ്പനി ദേശീയപാതക്കെന്ന പേരിൽ സ്ഥലവും മണ്ണും വെള്ളവും വിറ്റ് നേടിയ പണത്തിന് കണക്കില്ല. ദേശീയപാത നിർമാണത്തിന് ചുരുങ്ങിയ വിലക്ക് സ്ഥലം വിട്ടുകൊടുത്തവരും ത്യാഗം സഹിച്ചവരുമായ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർവിസ് റോഡ് ഉൾപ്പെടെ മുപ്പതോളം നിർമാണങ്ങൾ നടത്താത്ത കമ്പനിയാണ് ജനത്തെ പിഴിയാൻ വന്നിരിക്കുന്നത്. ഒരു കാരണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ല.
2022 ൽ ടോൾ പിരിവ് ആരംഭിച്ചപ്പോൾ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കരുതെന്ന് തീരുമാനം എടുത്തതാണ്. എന്നാൽ, ജനപ്രതിനിധികൾ ചേർന്നെടുത്ത തീരുമാനം അട്ടിമറിക്കുകയാണ് നിർമാണ കമ്പനി. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനാണ് ഉദ്ദേശ്യമെങ്കിൽ നാട്ടുകാർ ഒന്നടങ്കം ശക്തമായ പ്രക്ഷോഭത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.