വടക്കഞ്ചേരി: വടക്കഞ്ചേരി സബ് ട്രഷറിക്കും വില്ലേജ് ഓഫിസിനും വാഹന പാർക്കിങിന് സ്ഥലമില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. നിത്യേന ഇരുചക്ര വാഹനങ്ങളും കാറുമായി നൂറുകണക്കിന് പേരാണ് ഈ രണ്ടു ഓഫിസുകളിലേക്ക് എത്തുന്നത്. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് വളപ്പിന്റെ ഒരു മൂലയിലാണ് ഇരു ഓഫിസുകൾക്കും കെട്ടിടം നിർമിക്കാൻ വർഷങ്ങൾക്ക് മുമ്പ് സ്ഥലം നൽകിയത്.
ഒരു കാർ വന്ന് തിരിച്ചു പോകാനായി ഇരു ഓഫിസ് വളപ്പുകളിലേയും ഞെരുങ്ങിയ ഗേറ്റുകൾക്കിടയിലൂടെ വേണം തിരിക്കാൻ. ട്രഷറി കെട്ടിടത്തിനുശേഷം ശേഷിക്കുന്ന സ്ഥലം ഒരു റോഡിന്റെ വീതിയിൽ മാത്രമാണുള്ളത്. രണ്ടോ മൂന്നോ ഇരുചക്ര വാഹനങ്ങൾ വളപ്പിനകത്ത് കയറ്റിനിർത്തിയാൽ ഓട്ടോ, നാല് ചക്ര വാഹനങ്ങൾ എന്നിവക്ക് ഓഫിസ് വളപ്പിനകത്ത് പ്രവേശിക്കാൻ കഴിയില്ല.
പ്രായാധിക്യമുള്ളതും പരസഹായത്തിൽ യാത്ര ചെയ്യുന്നവരുമായ പെൻഷൻകാരുടെ വാഹനം പോലും വളപ്പിനകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയുന്നില്ല. പ്രധാന റോഡിൽനിന്ന് ഇരു ഓഫിസുകളിലേക്കും നിർമിച്ച പാത അഞ്ചു മീറ്റർ മാത്രം വീതിയുള്ളതിനാൽ പലപ്പോഴും എതിർദേശിൽനിന്ന് വാഹനം വന്നാൽ ഗതാഗതക്കുരുക്കും നൂറു മീറ്ററോളം ദൂരം വാഹനം പിന്നിലേക്ക് എടുക്കേണ്ട സ്ഥിതിയുമുണ്ട്.
വടക്കഞ്ചേരി റസ്റ്റ് ഹൗസ് വളപ്പിൽ ഏക്കർ കണക്കിന് സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ടെങ്കിലും പൊതുജനം ദിവസവും ആശ്രയിക്കുന്ന ട്രഷറി, വില്ലേജ് ഓഫിസ് എന്നിവക്ക് പാർക്കിങ് സൗകര്യമില്ലാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു.
വാഹനങ്ങൾ ബഹുഭൂരിപക്ഷവും പ്രധാന റോഡിന് സമീപം പാർക്ക് ചെയ്യുന്നതിനാൽ റസ്റ്റ് ഹൗസ് കവല മുതൽ ഹൈവേ കവല വരെയുള്ള റോഡിൽ ഗതാഗതകുരുക്കിലാകുന്നതും പതിവാണ്.
റസ്റ്റ് ഹൗസ് വളപ്പിലെ ട്രഷറി കെട്ടിടത്തിന് മുൻവശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിൽ നിന്ന് 10 സെന്റ് സ്ഥലം ഇരു ഓഫിസുകൾക്കുമായി പാർക്കിങ്ങ് വിട്ടു നൽകണമെന്ന് പെൻഷൻ സംഘടനകളും സർവിസ് സംഘടനകളും എം.എൽ.എ, ജനപ്രതിനിധികൾ തുടങ്ങി ഉന്നത അധികാരികൾക്ക് പലതവണ നിവേദനം നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്കും നിരവധി പേർ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
കെട്ടിട നിർമാണത്തിന് അനുമതി നൽകുമ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പുകൾ പാർക്കിങ് സ്ഥലം പ്രത്യേകം ഒഴിച്ചിടണമെന്ന് നിഷ്കർഷിക്കുമ്പോൾ ദിവസേന 100 കണക്കിനുപേർ എത്തുന്ന ട്രഷറി കെട്ടിട പ്ലാനിൽ പാർക്കിങ് സ്ഥലം ഇല്ലാതെ അനുമതി നൽകിയത് വിചിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.