വടക്കഞ്ചേരി: ഈ മാസം അവസാനത്തോടെ മംഗലത്തെ പുതിയ പാലം വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന സ്ഥലം എം.എൽ.എ പി.പി. സുമോദിന്‍റെ ഉറപ്പ് പാഴ്വാക്കാകുന്നു. പാലം തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വ്യാപാരികൾ നൽകിയ നിവേദനത്തിന് മറുപടിയായിട്ടായിരുന്നു എം.എൽ.യുടെ ഉറപ്പ്.
എം.എൽ.എയുടെ ഉറപ്പ് അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ തുറക്കാനുള്ള പണികൾ പൂർത്തീകരിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പേ പാലത്തിന്‍റെ നിർമാണം പൂർത്തിയായിരുന്നു. ഇതിന് അപ്രോച്ച് റോഡുകൾ നിർമിക്കാതെ ഇരു ഭാഗത്തും സംരക്ഷണ ഭിത്തി നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ഭാഗത്തെ പണി കഴിഞ്ഞെങ്കിലും മറുഭാഗത്ത് പണികളുണ്ട്.
ഇരുഭാഗത്തും കുളിക്കടവുകളും നിർമിക്കേണ്ടതുണ്ട്. ആദ്യം അപ്രോച്ച് റോഡുകൾ നിർമിച്ച് അത്യാവശ്യ വാഹനങ്ങൾ കടത്തിവിടാൻ സൗകര്യമൊരുക്കാമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാരേയും വ്യാപാരികളേയും പരമാവധി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് തുടരുന്നതെന്നാണ് ആക്ഷേപം. സമാന്തര പാതയില്ലാത്തതിനാൽ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ യാത്രക്കാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
ഈ ഭാഗത്തെ നിരവധി കച്ചവടസ്ഥാപനങ്ങളും ഇത്രയും കാലമായി പൂട്ടിയിട്ട സ്ഥിതിയുമുണ്ട്. പാലം നിർമാണം പൂർത്തിയാക്കാൻ ജൂൺ വരെ കാലാവധിയുണ്ടെന്ന് പറഞ്ഞ് പണികൾ മെല്ലെപ്പോക്കിലാണ്. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞായിരുന്നു പഴയ പാലം പൊളിച്ചത്.
തിങ്കളാഴ്ച മുതൽ സ്കൂൾ പ്രവർത്തനം പൂർണതോതിലാകുമ്പോൾ വിദ്യാർഥികളും ബുദ്ധിമുട്ടും. രണ്ടും മൂന്നും കിലോമീറ്റർ ചുറ്റിക്കറങ്ങി ദേശീയ പാതയിൽ കയറി വേണം വടക്കഞ്ചേരിയിലെത്താൻ. അത്യാവശ്യങ്ങൾക്ക് ഓട്ടോ വിളിച്ച് പോകാൻ വലിയൊരു തുക വേണം. കിടങ്ങുകൾ പോലെയാണിപ്പോൾ മംഗലം പാലം വളവ്.
റോഡ് ഇല്ലാത്ത വിധം തകർന്നിരിക്കുകയാണ്. സംസ്ഥാന പാതയിലൂടെയുള്ള വാഹനങ്ങൾക്കെല്ലാം ഈ കിടങ്ങുകൾ താണ്ടിക്കയറണം. സംസ്ഥാനപാതയിൽ നിന്നുള്ള കരിപ്പാലി - പാളയം റോഡും തകർന്നുകിടക്കുന്നതിനാൽ അതുവഴിയുള്ള വാഹനയാത്രയും ദുർഘടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.