വടക്കഞ്ചേരി: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ തിങ്കളാഴ്ച മുതൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുമെന്ന് ടോൾ കമ്പനി. സമരം പ്രഖ്യാപിച്ച് വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും. പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും.
രാവിലെ ഒമ്പതിന് ടോൾ പ്ലാസക്ക് സമീപം നടക്കുന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരി ജനകീയ വേദി ചെയർമാൻ ബോബൻ ജോർജിന്റെ നേതൃത്വത്തിൽ പന്തലാംപടം, വടക്കഞ്ചേരി ജനകീയ കൂട്ടായ്മയും വടക്കഞ്ചേരി വ്യാപാരി സംഘടനകളും, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വടക്കഞ്ചേരി യൂനിറ്റും സമരത്തിൽ പങ്കുചേരും.
ആലത്തൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് ഇ മെയിൽ അയച്ചു. പകർപ്പ് കെ. രാധാകൃഷ്ണൻ എം.പിക്കും അയച്ചിട്ടുണ്ട്. ദേശീയപാതയിൽ മറ്റൊരിടത്തും ഇതുപോലൊരു പ്രശ്നം നിലനിൽക്കുന്നില്ല. പന്നിയങ്കരയിൽ മാത്രമുള്ള നടപടി ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കഞ്ചേരി: ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല കമ്മിറ്റി അംഗം ജോമോൻ ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.