വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിക്കാൻ നീക്കങ്ങളുമായി അധികൃതർ. ടോൾ പ്ലാസക്ക് സമീപം പാതയോരത്ത് കച്ചവടം നടത്തുന്ന വഴിവാണിഭക്കാരോട് മാറിപ്പോകാൻ അറിയിപ്പ് നൽകി. മറ്റൊരു സ്ഥലം കണ്ടെത്തി മാറണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ടോൾ പ്ലാസയിൽ കൗണ്ടറുകളും മറ്റും നേരേത്ത തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനിടെ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട വടക്കഞ്ചേരി മേൽപാത വീണ്ടും തുറന്നു. തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണ് അറ്റകുറ്റപ്പണികൾ നടന്നിരുന്നത്. മേൽപാതയുടെ പ്രവൃത്തികൾ ഇനിയും പൂർണമായിട്ടില്ല. ഒരു തുരങ്കപ്പാതയെങ്കിലും തുറന്ന് ടോൾ പിരിവ് ആരംഭിക്കാമെന്ന വ്യവസ്ഥ തൽക്കാലം നടപ്പാകില്ല.
തുരങ്കമുഖത്തെ മലയിടിച്ചിൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. തുരങ്ക പാതയുടെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകൾ വീതി കൂട്ടി സുരക്ഷ ഉറപ്പാക്കുന്ന പ്രവൃത്തികളിലും വിമർശനമുയരുന്നുണ്ട്. ഇതിനിടെ പട്ടിക്കാട്ടെ മേൽപാല നിർമാണത്തിന് വേഗം വന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട കരാർ കമ്പനിക്ക് ടോൾ പിരിവ് അല്ലാതെ പണികൾ പൂർത്തിയാക്കാൻ മറ്റു ഗത്യന്തരമില്ലെന്ന വാദവുമുണ്ട്. ടോൾ പിരിവിലൂടെ കിട്ടുന്ന പണം റോഡ് പണി പൂർത്തീകരണത്തിനായി ചെലവഴിക്കണം എന്ന വ്യവസ്ഥയിലാകണം ടോൾ പിരിവിന് അനുമതി നൽകാനെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.