വടക്കഞ്ചേരി: യാത്രാദുരിതത്തിന് അറുതിയായി മംഗലത്തെ പുതിയപാലം താൽക്കാലികമായി തുറന്നു. പാലത്തിലെയും അപ്രോച്ച് റോഡുകളിലെയും ടാറിങ് പൂർത്തിയായതോടെയാണ് താൽക്കാലികമായി പാലം തുറന്നത്. ടാറിങ്ങിനായി മംഗലത്തെ വില്ലേജ് ഓഫിസ് റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടപ്പോൾ കഴിഞ്ഞ ദിവസം രാവിലെ മുതൽ അവിടെ കനത്ത ഗതാഗതക്കുരുക്കായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയപാലം താൽക്കാലികമായി തുറന്നത്.
ഇതോടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഒന്നര വർഷത്തെ ദുരിതയാത്രകൾക്ക് ആശ്വാസമായി.
മംഗലം ജങ്ഷനിൽ തകർന്നുകിടന്നിരുന്ന ഭാഗങ്ങളും ടാറിങ് നടത്തിയിട്ടുണ്ട്. പാലത്തിന്‍റെ ഉദ്ഘാടനം മേയ് 10ന് രാവിലെ 10.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് പി.പി. സുമോദ് എം.എൽ.എ പറഞ്ഞു.
പാലത്തിനുസമീപം തന്നെയാണ് ഉദ്ഘാടന ചടങ്ങ്. അഴുക്കുചാൽ കോൺക്രീറ്റിങ്, പുഴയിലെ കുളിക്കടവുകളുടെ നിർമാണം തുടങ്ങിയവയാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഉദ്ഘാടനത്തിനുമുമ്പേ ഇവ പൂർത്തീകരിക്കും.
മണ്ണാർക്കാട്ട് ഗതാഗത നിയന്ത്രണം വേണമെന്ന്
മണ്ണാർക്കാട്: ദേശീയപാതയുടെ നവീകരണം നടക്കുന്ന മണ്ണാർക്കാട് കുന്തിപ്പുഴ മുതൽ കുമരംപുത്തൂർ ചുങ്കം വരെയുള്ള പ്രദേശത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗതാഗത നിയന്ത്രണം വേണമെന്നാവശ്യം.
റോഡ് വീതി കൂട്ടലും കലുങ്ക് നിർമാണവും റോഡ് താഴ്ത്തലും എല്ലാം നടക്കുന്നതിനാൽ പകലും രാത്രിയും ഒരുപോലെ ഗതാഗതക്കുരുക്കാണ്. പല സമയത്തും മണിക്കൂറുകളോളം റോഡിൽ കുരുങ്ങിക്കിടക്കേണ്ട സ്ഥിതിയാണ്. നവീകരണത്തിന്‍റെ ഭാഗമായി ഒറ്റവരി ഗതാഗതമാണ് നിലവിൽ നടക്കുന്നത്.
പകൽ സമയങ്ങളിൽ ദീർഘദൂര ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ ഗതാഗതം തിരിച്ചുവിടാനുള്ള നടപടി ഉണ്ടായാൽ ഒരു പരിധി വരെ ഗതാഗത തടസ്സത്തിന് പരിഹാരമാകും. കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങൾ മുണ്ടൂരിൽനിന്ന് കോങ്ങാട്, തിരുവാഴിയോട് വഴി ആര്യമ്പാവിലേക്കും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ആര്യമ്പാവിൽനിന്ന് തിരുവാഴിയോട്, കോങ്ങാട്, മുണ്ടൂർ വഴിയും തിരിച്ചുവിട്ടാൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കാനാകും. പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാന പാതയുടെ നവീകരണവും നടക്കുന്നതിനാൽ സാങ്കേതിക തടസ്സം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും താരതമ്യേന ഗതാഗതം കുറവായ ഇതുവഴി വാഹനങ്ങൾ തിരിച്ചുവിട്ടാൽ ഏറെ തിരക്കുള്ള ദേശീയപാതയിലെ കുരുക്ക് ഒഴിവാക്കാനാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.