വടക്കഞ്ചേരി: വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിൽ 12 ഇടങ്ങൾക്കൂടി അപകടമേഖല പട്ടികയിലുൾപ്പെടുത്തി ദേശീയപാത അതോറിറ്റി. ആലാമരം, പുതുശ്ശേരി, കഞ്ചിക്കോട്, കുരുടിക്കാട്, ചന്ദ്രനഗർ, വടക്കുംമുറി, കണ്ണനൂർ, വെള്ളപ്പാറ, ചിതലിപ്പാലം, എരിമയൂർ, ഇരട്ടക്കുളം, മംഗലംപാലം തുടങ്ങിയവയാണവ. നാലുവരിപ്പാതയിൽ നേരത്തേ അപകടമേഖല പട്ടികയിലുൾപ്പെട്ട കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ എന്നിവിടങ്ങളിൽ അടിപ്പാതകൾ നിർമിക്കാനുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ട്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലും മണ്ണുത്തി-ഇടപ്പള്ളി നാലുവരിപ്പാതയിലുമായി എട്ടിടങ്ങളിൽക്കൂടി ഇതോടൊപ്പം അടിപ്പാതകൾ നിർമിക്കുന്നുണ്ട്.
പുതുതായി പട്ടികയിലുൾപ്പെട്ട 12 ഇടങ്ങളിൽക്കൂടി അടിപ്പാതകൾ വന്നേക്കുമെന്നാണ് സൂചനകൾ. ദേശീയപാത അതോറിറ്റി ഉന്നത വിഭാഗം പരിശോധിച്ച ശേഷമാണ് എതുതരത്തിലുള്ള സുരക്ഷ സംവിധാനമാണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കുക. 12 ഇടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടങ്ങളേറെയുമെന്നാണ് ദേശീയപാത അതോറിറ്റി പാലക്കാട് ഡിവിഷൻ അധികൃതരുടെ വിലയിരുത്തൽ. ഇതൊഴിവാക്കാനുള്ള ശാശ്വതപരിഹാരം അടിപ്പാതകൾ നിർമിക്കലാണ്. ദേശീയപാതകളിലെ സിഗ്നലുകൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.