പാലക്കാട്: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരം. കാര്യമായ അനിഷ്ട സംഭവങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തില്ല. കണ്ണാടി തരുവകുറിശ്ശിയിൽ വോട്ടുചെയ്യാനെത്തിയ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണാടി കടലാകുർശി പാങ്ങോട് വീട്ടിൽ ഷൺമുഖൻ (53) ആണ് വ്യാഴാഴ്ച ഉച്ചക്ക് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി വരി നിൽക്കുമ്പോൾ കുഴഞ്ഞ് വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടരവരെ ജില്ലയിൽ 78.01 ശതമാനം പോളിങ് രേഖപ്പെടുത്തി. കോവിഡ് ആശങ്കകളൊന്നും ജില്ലയിലെ വോെട്ടാഴുക്കിന് തടസ്സമായില്ല. സ്ത്രീ വോട്ടർമാരുടെ സജീവ പങ്കാളിത്തവും ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. വ്യാഴാഴ്ച രാവിലെ മുതൽ മിക്ക ബൂത്തുകളിലും നീണ്ട വരികൾ കാണാമായിരുന്നു. രാവിലെ ബൂത്തിലെത്തിയ മുതിർന്ന പൗരൻമാരടക്കം വരിനിന്ന് വലഞ്ഞതും ബൂത്തുകൾക്ക് മുമ്പിലെ കാഴ്ചയായിരുന്നു. ജില്ലയിലെ ഏഴുനഗരസഭകളിലും എല്ലായിടത്തും 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. വിദൂര മേഖലയായ പറമ്പിക്കുളത്തും അട്ടപ്പാടിയിലും ഇത്തവണ ആവേശകരമായ പോളിങ്ങായിരുന്നു. പറമ്പിക്കുളത്ത് ആദ്യമായി അനുവദിച്ച പൂപ്പാറ കോളനി മുതൽക്കുള്ള അഞ്ച് കോളനികളിലും ഉച്ചേയാടെ തന്നെ പോളിങ് 72 ശതമാനം കടന്നു. ഷൊർണൂർ നഗരസഭാപരിധിയിലെ ചില വാർഡുകളിലും പട്ടാമ്പി പള്ളിപ്പുറത്തും തച്ചമ്പാറയിലും വോെട്ടടുപ്പ് ഏഴുമണി കടന്നും തുടർന്നു.
കപ്പൂര് പഞ്ചായത്ത് എട്ടാം വാര്ഡിലും കോട്ടോപ്പാടം സൗത്ത് എ.എം.എൽ.പി സ്കൂളിലും, പാലക്കാട് പറക്കുന്നത്തും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ആളുകൾ കൂട്ടം ചേർന്നതോടെ െപാലീസ് ലാത്തിവീശി. മങ്കര പത്താം വാർഡിൽ തെൻറ വോട്ട് മറ്റാരോ ചെയ്തതായി ആരോപിച്ച് വോട്ടർ ബൂത്തിന് മുന്നിൽ നിന്ന് പ്രതിഷേധിച്ചു. വോട്ടർക്ക് ചാലഞ്ച് വോട്ട് നൽകി. മങ്കര പഞ്ചായത്തിൽ ഇൻറർനെറ്റ് സംവിധാനത്തിലുണ്ടായ പിഴവിൽ മണിക്കൂറുകളോളം വോട്ടർമാർക്ക് വരിനിൽക്കേണ്ടി വന്നു.
പോളിങ് ശതമാനത്തിലെ വർധന മുന്നണികൾക്ക് ആശ്വാസവും ആശങ്കയും പകരുന്നുണ്ട്. ഫലം അനുകൂലമാകുമെന്ന പ്രതീക്ഷ ഇടത്, വലത് നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വോെട്ടണ്ണൽ നാൾവരെയുള്ള ദിവസങ്ങൾ സ്ഥാനാർഥികൾക്കും നേതൃത്വത്തിനും നെഞ്ചിടിപ്പിേൻറതാണ്. ബി.ജെ.പിക്ക്കൂടി സ്വാധീനമുള്ള പാലക്കാട് നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ത്രികോണ മത്സരത്തിെൻറ വീറും വാശിയും പോളിങ് ദിവസവും ദൃശ്യമായി.
രാവിലെ മുതൽ വോട്ടുകൾ പോൾ ചെയ്തെന്ന് ഉറപ്പുവരുത്താൻ മുന്നണി പ്രവർത്തകർ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. പാലക്കാട് സെൻറ് സെബാസ്റ്റ്യൻ സ്കൂളിൽ വോട്ടുയന്ത്രം പണിമുടക്കിയതോടെ മണിക്കൂറുകളോളം പോളിങ് തടസ്സപ്പെട്ടു. ജില്ലയിൽ 14 സ്ഥലങ്ങളിൽ വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മൂലം താൽക്കാലികമായി പോളിങ് തടസ്സപ്പെെട്ടങ്കിലും വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനായതായി തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ വ്യക്തമാക്കി.
മന്ത്രി എ.കെ. ബാലൻ പാലക്കാട് പറക്കുന്നം ജി.എൽ.പി സ്കൂളിലെ ബൂത്തിൽ ഒരു മണിക്കൂറിലധികം വരിനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് ബാധിതനായ മന്ത്രി കെ. കൃഷ്ണൻകുട്ടി തപാൽ വോട്ട് ചെയ്തു. കെ.ഡി. പ്രസേനൻ എം.എൽ.എ വീട് സ്ഥിതി ചെയ്യുന്ന ആലത്തൂർ ഗ്രാമപഞ്ചായത്തിലെ കാട്ടുശ്ശേരി ഗവ. എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. ജില്ലയിലുടനീളം ശാന്തമായാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.