മുണ്ടൂർ: എന്ന് കൃഷിയിറക്കാനാകുമെന്നറിയാതെയുള്ള കാത്തിരിപ്പിലാണ് മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ മൂത്തേടം -അരിമ്പ്ര പാടശേഖരങ്ങളിലെ കർഷകർ. തോടുവരമ്പ് തകർന്ന് വെള്ളം കൃഷിയിടങ്ങളിലേക്ക് വഴിമാറി ഒഴുകിയതുമൂലം ഏകദേശം 75 ഏക്കർ സ്ഥലത്തെ കൃഷിയാണ് ഇവിടെ മുടങ്ങികിടക്കുന്നത്.
കൃഷിയിടങ്ങൾക്ക് അരികിലൂടെയുള്ള മന്നത്തുപറമ്പ്, കൊയങ്ങാട്, ആലക്കൽ, മൂത്തേടം എന്നിവിടങ്ങളിലെ കൈ ചാലുകളിലെ വെള്ളം ഒഴുകിപോകുന്ന തോടിന്റെ വരമ്പ് മഴവെള്ളപ്പാച്ചിലിലാണ് തകർന്നത്. മഴ പെയ്താൽ വെള്ളം മുഴുവൻ കൃഷിസ്ഥലങ്ങളിലേക്ക് ഒഴുകിയെത്തും. വിത്തും വളവും ഒലിച്ചുപോകും. വിളവെടുക്കാൻ പാകമായാലും അല്ലാത്ത അവസ്ഥയിലും പാടശേഖരങ്ങൾ വെള്ളം കയറി കൃഷി നശിക്കുന്ന അവസ്ഥയാണെന്ന് കർഷകർ പരാതിപ്പെടുന്നു. ഇങ്ങനെ സാഹചര്യം ഉള്ളതിനാൽ ഒരുതരം കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
തോട് വരമ്പിന്റെ അരിക് കെട്ടി കൃഷിയിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസിലും മുണ്ടൂർ പഞ്ചായത്ത് കൃഷി ഭവനിലും ഉപജീവനമാർഗം മുട്ടിയ കർഷകർ നിവേദനം സമർപ്പിച്ചിരുന്നു. സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അംഗം എം. എസ്. മാധവദാസ് പാർശ്വഭിത്തി നിർമിച്ച് ഇവിടെ കൃഷി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.