പാലക്കാട്: അടിസ്ഥാന സൗകര്യവികസനത്തിനായി കോടികളുടെ പദ്ധതികൾ നടപ്പാക്കുമ്പോഴും ശക്തമായൊരു മഴയെത്തിയാൽ വെള്ളക്കെട്ടിലമരുന്ന നഗരത്തിന്‍റെ സ്വഭാവത്തിന് മാറ്റമില്ല. അമൃത് പദ്ധതിയിൽ 26.17 കോടി രൂപയാണ് വിവിധ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വൈകീട്ട് പെയ്ത മഴയിൽ നഗരം പലയിടത്തും കുളമായി. ഓടകൾ അടഞ്ഞതിനാൽ റോഡുകളിലേക്ക് വെള്ളം കയറി. നഗരത്തിൽ ഇനി വെള്ളക്കെട്ടുണ്ടാവില്ലെന്ന ഭരണസമിതി വാഗ്‌ദാനം പൊളിഞ്ഞു.
അമൃതിൽ പ്രളയജലം കൈാര്യം ചെയ്യുന്നതിന് 83 പദ്ധതികളിലായി 34.13 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ 73 പദ്ധതികൾ പൂർത്തിയായെന്നും 26.17 കോടി ചെലവഴിച്ചെന്നുമാണ് അമൃതിന്റെ വെബ്‌സൈറ്റിലെ കണക്ക്.
എന്നാൽ, ഒറ്റമഴയിൽ നഗരം മുങ്ങി. മുമ്പുണ്ടായിരുന്നതിലും രൂക്ഷമാണ് സ്ഥിതി. റോബിൻസൺ റോഡ്, മുനിസിപ്പൽ ബസ് സ്‌റ്റാൻഡ്, ശകുന്തള ജങ്ഷൻ-റെയിൽവേ മേൽപാലം റോഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ മുട്ടിനുമുകളിൽ ജലമുയർന്നു.
ഇവിടെ ഗതാഗതവും തടസ്സപ്പെട്ടു. നിരവധി കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാർക്കറ്റിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് പെയ്ത മഴയിൽ വലിയ വെള്ളക്കെട്ടാണ് അനുഭപ്പെട്ടത്. നഗരത്തിലെ റോഡുകളിൽ കുഴികളുള്ളതിനാൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
കുഴിയേതെന്നറിയാതെ എത്തിയ ബൈക്ക് യാത്രക്കാരാണ് വെള്ളത്തിൽ അകപ്പെട്ടവരിൽ അധികവും. പലർക്കും വാഹനം തള്ളി മറുകര കടത്തേണ്ടിവന്നു. പല ഭാഗങ്ങളിലായി തള്ളിയ മാലിന്യവും വെള്ളത്തിനൊപ്പം ഒഴുകിയെത്തി. വെള്ളം ഒഴുക്കിവിടാനുള്ള നടപടിക്കും കാലതാമസമുണ്ടായി.
റോഡിൽ കട്ട നിരത്തിയ ഇടങ്ങളിൽ അവ പൊളിച്ചാണ് വെള്ളം ഒഴുക്കിക്കളഞ്ഞത്. മഴക്കാലപൂർവ ശുചീകരണം നടത്താത്തതിന്റെ ഫലമാണ് നഗരം അനുഭവിച്ചത്. നഗരത്തിൽ ഈച്ച, കൊതുക് ശല്യവും വർധിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ചളി കടകളിൽ എത്തുന്നവർക്കും ബുദ്ധിമുട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.