നെല്ലിയാമ്പതി: വനാതിർത്തിയിൽ വന്യജീവി ശല്യം കൂടിയതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായി. വളർത്തുമൃഗങ്ങളെ കാണാതാവുന്നത് പതിവാണെന്ന് കർഷകർ പരാതിപ്പെടുന്നു. ആടുകളെയും പശുക്കളെയും കൂടാതെ വളർത്തുനായ്ക്കളെയും വന്യജീവികൾ ഉപദ്രവിക്കുന്നുണ്ട്. വളർത്തുമൃഗങ്ങളുടെ ജഡം വനാതിർത്തിയിൽ കാണുന്നതും പതിവായി.
നെല്ലിയാമ്പതി മലനിരയുടെ അടിവാരമായ ഒലിപ്പാറയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് വീട്ടിൽ വളർത്തിയിരുന്ന 13 മുയലുകൾ കൂട്ടിൽ തന്നെ ചത്തു കിടക്കുന്നതായി കാണപ്പെട്ടത്. ചില മുയലുകളെ കാണാതാവുകയും ചെയ്തു. മൊത്തം 36 മുയലുകളും 12,000 രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പരാതിപ്പെട്ടു. കൊടിക്കരിമ്പ് എടത്തല വീട്ടിൽ അവറാച്ചൻ പൈലിയുടെതാണ് മുയലുകൾ. അഞ്ചടി ഉയരമുള്ള ചുറ്റുമതിൽ ചാടിക്കടന്ന് മുയലുകളെ വളർത്തിയിരുന്ന മരക്കൂടിെൻറ അഴികൾ തകർത്താണ് മുയലുകളെ പിടിച്ചിരിക്കുന്നത്.
കൂട്ടിലും മര അഴികളിലും മൂർച്ചയുള്ള നഖം കൊണ്ടു മാന്തിയ പാടുകൾ കാണുന്നുണ്ട്. ചുറ്റുമതിലിലും കൂട്ടിെൻറ പരിസരപ്രദേശങ്ങളിലും നനഞ്ഞ മണ്ണിൽ പുലിയുടേതെന്ന് സംശയിക്കുന്ന വലിയ കാൽപാടുകൾ കാണപ്പെട്ടു. ഇതോടെ സമീപത്തെ ആട്, പശു എന്നിവയെ വളർത്തുന്ന കർഷകരും ഭീതിയിലാണ്. ഈ വീട്ടിലെയും സമീപ പ്രദേശത്തെ വീടുകളിലെയും നായ്ക്കളെ മുമ്പ് പലപ്പോഴായി കാണാതായിട്ടുണ്ട്. ഇതെല്ലാം പുലി പിടിച്ചതായി സമീപവാസികൾ സംശയം പ്രകടിപ്പിച്ചു. നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽപെട്ടതാണ് ഈ സ്ഥലം. നെന്മാറ ഡി.എഫ്.ഒയെ പ്രദേശവാസികൾ വിവരമറിയിച്ചു. വനം സെക്ഷൻ ഓഫിസിൽനിന്ന് ജീവനിക്കാർ വന്ന് സ്ഥലം പരിശോധിച്ചു. കൂട് സ്ഥാപിച്ചു പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന ഭീതിയിൽ മേച്ചിറ വാസികൾ
കൊല്ലങ്കോട്: മുതലമട മേച്ചിറയിൽ കാട്ടാന ഭീതി ഒഴിഞ്ഞില്ല. നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ രണ്ടുദിവസമായി മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലയിലെത്തിയത്. ഇവ കൃഷിയിടങ്ങളിലേക്കെത്തിയതോടെ വ്യാപകമായ കൃഷിനാശവുമുണ്ടായിരുന്നു. വ്യാഴാഴ്ച വനംവകുപ്പ് എട്ടുമണിക്കൂർ പരിശ്രമിച്ച് കാട്ടാനകളെ തിരിച്ച് വനത്തിലേക്ക് കടത്തിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ കാട്ടാനകൾ മേച്ചിറയിലെത്തുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി വെള്ളിയാഴ്ച വൈകിയും ആനകളെ വിരട്ടാൻ ശ്രമം തുടരുകയാണ്.
റാപ്പിഡ് റെസ്പോൺസ് ടീം വേണമെന്ന്
കൊല്ലങ്കോട്: റാപ്പിഡ് റെസ്പോൺസ് ടീമിനെ നിയമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മേച്ചിറ മുതൽ പോത്തുണ്ടി, അയിലൂർ വരെ നീണ്ടുകിടക്കുന്ന തെന്മലയോര പ്രദേശത്ത് കാട്ടാനകൾ, കടുവ എന്നിവയുടെ സാന്നിധ്യം വർധിച്ചതിനാൽ കർഷകർക്കും നാട്ടുകാർക്കും ഉറക്കമില്ലാതായി. ആനകൾ ഉൾപ്പെടെയുള്ളവയെ വിരട്ടിയോടിക്കാൻ ആധുനിക സംവിധാനത്തോടെയുള്ള റാപിഡ് റെസ്പോണ്‍സ് ടീം നെന്മാറ ഡിവിഷനിൽ ഇല്ലാത്തതിനാലാണ് വന്യമൃഗശല്യം തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു. പടക്കം പൊട്ടിച്ച് ആനകളെ വിരട്ടുന്ന സംവിധാനം മൂലം നിലവിൽ കാട്ടാനകളെ ഓടിക്കാൻ സാധിക്കാത്തതിനാൽ ആർ.ആർ.ടി സംവിധാനം നടപ്പാക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.