പാലക്കാട്: സംഗീത-നൃത്ത ലോകത്ത് നിറഞ്ഞുനിൽക്കുന്ന ദമ്പതികളാണ് നെടുമ്പള്ളി രാംമോഹനും മീര രാംമോഹനും. അധ്യാപനം മുഖ്യതൊഴിലായ ഇവർ സംഗീതത്തെയും ഹൃദയത്തോട് ചേർത്ത് മുന്നേറുകയാണ്. രാംമോഹൻ കഥകളി വേഷവും സംഗീതവും അഭ്യസിച്ചുവെങ്കിലും കഥകളി സംഗീതത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. മീരയും നൃത്തവും സംഗീതവും അഭ്യസിച്ചുവെങ്കിലും സംഗീതത്തിനാണ് പ്രാമുഖ്യം നൽകിയത്. ഏറെ ശ്രദ്ധയാകർഷിച്ച കർണാട്ടിക് കഥകളി സംഗീത സിനിമ ഫോക്ക് മ്യൂസിക്കുകൾ കോർത്തിണക്കി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾക്ക് തയാറാണെങ്കിലും കഥകളി സംഗീതജ്ഞൻ എന്ന നിലക്ക് പാരമ്പര്യം തന്നെയാണ് ഇദ്ദേഹത്തിന് പ്രധാനം.
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ രാംമോഹന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത് പിതാവ് നെടുമ്പള്ളി നാരായണൻ നമ്പൂതിരിയാണ്. തുടർന്ന് കെ.എം. കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ കർണാടക സംഗീതവും കലാമണ്ഡലം ശ്രീകുമാറിന്റെ കീഴിൽ കഥകളി സംഗീതവും കലാമണ്ഡലം സോമന് കീഴിൽ കഥകളിവേഷവും അഭ്യസിച്ചു.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് എം.എ മ്യൂസിക് ബിരുദാനന്തര ബിരുദവും നേടി. മുപ്പതിലധികം വർഷമായി കഥകളി രംഗത്തുള്ള രാംമോഹൻ ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റാണ്. യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, സിംഗപ്പൂർ, ജപ്പാൻ, കൊറിയ, ദുബൈ, സൗദി, മാർട്ടിനിക് തുടങ്ങിയ രാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാൻ യുവപുരസ്കാർ കൂടാതെ കലാസാഗർ, ശ്രീദേവീരാഘവം, നവരസം, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി സ്മാരക പുരസ്കാരം, തിരൂർ നമ്പീശൻ സ്മാരക പുരസ്കാരം, വെണ്മണി ഹരിദാസ് സ്മാരക പുരസ്കാരം, തൃപ്പൂണിത്തുറ കൊച്ചനിയൻ പുരസ്കാരം, തിരുവില്ല്വാമല ഈശ്വരവാരിയർ സ്മാരക പുരസ്കാരം, കലാമണ്ഡലത്തിൽ നിന്നും ഭാഗവതർ കുഞ്ഞുണ്ണിത്തമ്പുരാൻ സ്മാരക എൻഡോവ്മെന്റ്, എ.എം ശാസ്ത്രശർമൻ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കളിയച്ഛൻ എന്ന സിനിമയിൽ പാടിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദവും സംഗീതത്തിൽ ബിരുദാനന്തരബിരുദവും ഉള്ള രാംമോഹൻ ഇപ്പോൾ കുണ്ടൂർക്കുന്ന് സ്കൂളിൽ ഗണിതാധ്യാപകനാണ്.
തൃശൂർ പേരാമംഗലം കാരയ്ക്കാട് നാരായണൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകളാണ് മീര രാംമോഹൻ. കുന്നക്കാട് വാസുദേവൻ നമ്പൂതിരി, എടമന വാസുദേവൻ നമ്പൂതിരി എന്നിവരുടെ കീഴിൽ കർണാടക സംഗീതവും മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, പാലനാട് ദിവാകരൻ എന്നിവരുടെ കീഴിൽ കഥകളി സംഗീതവും അഭ്യസിച്ചു. സൈക്കോളജിയിൽ ബിരുദവും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും നേടി.
ചെമ്പൈ സംഗീത കോളജിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച മീര ആകാശവാണിയിൽ കഥകളിസംഗീതം, കർണാടകസംഗീതം, കാവ്യാഞ്ജലി എന്നിവയിൽ ഗ്രേഡഡ് ആർടിസ്റ്റ് ആണ്. ശ്രീവൽസൻ ജെ. മേനോൻ സംഗീതം നിർവഹിച്ച സ്വപാനം, പ്രിയമാനസം തുടങ്ങിയ സിനിമകളിൽ പിന്നണി പാടി. പിന്നണി ഗായികക്കുള്ള റേഡിയോ മിർച്ചി അവാർഡ് ലഭിച്ചിട്ടുണ്ട്.
മീര ആലപിച്ച് അഭിനയിച്ച ‘സുഖമുള്ള ഓർമകൾ’ എന്ന മ്യൂസിക്ക് ആൽബത്തിന് മുംബൈ റിവർ സ്റ്റോൺ ഫിലിം ഫെസ്റ്റിവെലിൽ മീരക്ക് പാട്ടിനും അഭിനയത്തിനും അവാർഡ് നേടിക്കൊടുത്തു. നിരഞ്ജൻ മോഹൻ, നവരാഗ് രാം എന്നിവരാണ് മക്കൾ. നിരഞ്ജൻ മോഹൻ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, അഷ്ടപദി, ഉറുദു സംഘഗാനം എന്നിവയിൽ എ ഗ്രേഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.