മണിയാർ ഡാമിലെ മണ്ണും ചളിയും നീക്കുന്നു സർവേ പൂർത്തിയായി

വടശ്ശേരിക്കര: മണിയാർ ഡാമിലെ മണ്ണും ചളിയും നീക്കം ചെയ്യുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായി. മൂന്നു ജില്ലകളിലേക്കുള്ള ജലസേചന സ്രോതസ്സായ മണിയാർ ഡാമിന്‍റെ സംഭരണ മേഖലയിൽ അടിഞ്ഞ ചളിയും മണലും നീക്കം ചെയ്യുന്നതിനുള്ള നടപടിയാണ് പൂർത്തിയായത്. കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർവേ നടന്നിരുന്നു. ഇതിന്‍റെ റിപ്പോർട്ട് ജലസേചന വകുപ്പിന് കൈമാറും. തുടർന്ന് വകുപ്പുതല തീരുമാനം കൂടിയുണ്ടായാൽ ഈ വേനൽക്കാലത്തുതന്നെ ജലസംഭരണിയിലെ മണ്ണും മണലും നീക്കം ചെയ്ത്​ ആഴം കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ലെ മഹാപ്രളയത്തിൽ ജലസംഭരണിയിൽ വൻതോതിൽ ചളി അടിഞ്ഞിരുന്നു. പിന്നീടുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കൂടി ആയതോടെ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ കൃഷിയിടങ്ങൾക്കുവരെ വെള്ളമെത്തിക്കുന്ന പമ്പ ഇറിഗേഷൻ പ്രോജക്ടിലേക്കും മണിയാറിൽ തന്നെ പ്രവർത്തിക്കുന്ന സ്വകാര്യ ജലവൈദ്യുതി നിലയത്തിലേക്കും ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പ്​ മണിയാർ ജലസംഭരണിയിലെ മണൽ പൂർണമായും നീക്കം ചെയ്തിരുന്നതാണ്. അന്ന് ചളി നീക്കം ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കുഴിച്ചെടുത്തതത്രയും മണലായിരുന്നു. അന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് മണൽ മറിച്ചുവിറ്റത് ഏറെ വിവാദമായിരുന്നു. ഇത്തവണയും മണിയാർ ജലസംഭരണിയിൽ അടിഞ്ഞിരിക്കുന്നതിലേറെയും മണലും വന്മരങ്ങളുമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജലസംഭരണ മേഖലയായ മണിയാർ അണക്കെട്ടുമുതൽ കാരികയംവരെ ബോട്ട് ഉപയോഗിച്ചാണ് സംഘം സർവേ നടത്തിയത്. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT